ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തിച്ചത്, അപലപിക്കേണ്ട കാര്യമില്ല: എംവി ഗോവിന്ദൻ

പഴയങ്ങാടി എരിപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച സംഭവത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ആത്മഹത്യാ സ്‌ക്വാഡായാണ് യൂത്ത് കോൺഗ്രസ് പ്രവർത്തിച്ചത്. അതിനെ അപലപിക്കേണ്ട കാര്യമില്ല. ആസൂത്രിതമായ അക്രമമാണ് യൂത്ത് കോൺഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഒരു കയ്യേറ്റത്തിനും സിപിഎം തയ്യാറല്ല.
ഇത് പരിപാടിയുടെ ശ്രദ്ധ മാറ്റാൻ കോൺഗ്രസ് ഗൂഢാലോചന ചെയ്തു നടത്തിയ അക്രമമാണ്. ഒരു തരത്തിലുള്ള അക്രമത്തെയും സിപിഎം പിന്തുണക്കില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. ചാവേർ കൊലയാളി സംഘമാണ് നവകേരള സദസിനെതിരായ പ്രതിഷേധത്തിന് ഇറങ്ങിയതെന്നായിരുന്നു എം വി ജയരാജന്റെ പ്രതികരണം. പായസത്തിൽ വിഷം ചേർക്കുന്നവരാണ് കോൺഗ്രസുകാർ. അത്തരം വിഷവിത്തുക്കളെ തിരിച്ചറിയുകയാണ് വേണ്ടത്. സംഘാടകർ പ്രകോപനത്തിൽ വീണുപോകരുതെന്നും ഇങ്ങോട്ട് അടിച്ചാലും അങ്ങോട്ട് അടിക്കണ്ട എന്നാണ് നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.