യൂത്ത് കോൺഗ്രസ് വ്യാജ ഐ ഡി കാർഡ് കേസിൽ പോലീസിന് തെളിവ് കൈമാറിയെന്ന് കെ സുരേന്ദ്രൻ

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ കാർഡ് ഉപയോഗിച്ചെന്ന കേസിൽ പോലീസിന് തെളിവ് കൈമാറിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. തിരുവനന്തപുരം കമ്മീഷണർ ഓഫീസിലെത്തി മൊഴി നൽകിയ ശേഷം പ്രതികരിക്കുകയായിരുന്നു സുരേന്ദ്രൻ. ഷാഫി പറമ്പിലും കർണാടക മന്ത്രി എൻ എ ഹാരിസിന്റെ മകനും യൂത്ത് കോൺഗ്രസ് നേതാവുമായ മുഹമ്മദ് ഹാരിസും ചേർന്നാണ് വ്യാജ ഐഡി കാർഡുകൾ നിർമിച്ചതെന്ന് സുരേന്ദ്രൻ പറഞ്ഞു.
വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണം. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലും വ്യാജ കാർഡുകൾ ഉപയോഗിച്ചോ എന്ന് സംശയമുണ്ട്. മറ്റ് തെരഞ്ഞെടുപ്പുകളിലും അട്ടിമറി നടന്നതായി സംശയിക്കുന്നുവെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളാ പോലീസിന് കഴിയുന്നില്ലെങ്കിൽ മറ്റ് ഏജൻസികളെ ഉപയോഗിക്കണം. രാഹുൽ ഗാന്ധിക്കും കെ സി വേണുഗോപാലനും എല്ലാം അറിയാം. വിഡി സതീശന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങൾ വരെ ഇതിൽ പങ്കാളികളാണെന്നും സുരേന്ദ്രൻ പറഞ്ഞു.