തൃശ്ശൂരിലെ യുവാവിന്റെ അസ്വാഭാവിക മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ

nisha

തൃശ്ശൂർ വരന്തരപ്പിള്ളിയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. വരന്തരപ്പിള്ളി കലവറക്കുന്ന് വിനോദാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വിനോദിന്റെ ഭാര്യ നിഷ അറസ്റ്റിലായി. കത്തി കൊണ്ടുള്ള കുത്തേറ്റാണ് വിനോദ് മരിച്ചത്. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ നിഷ കുറ്റം സമ്മതിക്കുകയായിരുന്നു

ജോലി കഴിഞ്ഞ് വീട്ടിലെത്തിയ വിനോദ് ഭാര്യയുമായി തർക്കമുണ്ടാകുകയായിരുന്നു. ടൗണിലെ സ്വകാര്യ ആശുപത്രി ജീവനക്കാരിയായ നിഷയുടെ ഫോൺ വിളികളിൽ വിനോദിന് സംശയമുണ്ടായിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മിൽ കലഹവും പതിവാണ്. 

കലഹത്തിനിടെ ഫോണിനായി ഇരുവരും തമ്മിൽ തർക്കമുണ്ടായി. നിഷയിൽ നിന്ന് ഫോൺ വാങ്ങാൻ ശ്രമിച്ചതോടെ പിടിവലിക്കിടെ സമീപത്തിരുന്ന കത്തിയെടുത്ത് വിനോദിനെ നിഷ കുത്തുകയായിരുന്നു. നെഞ്ചിൽ കുത്തേറ്റ വിനോദ് കട്ടിലിലേക്ക് ഇരുന്നു. പെട്ടെന്ന് തന്നെ മുറിവ് നിഷ അമർത്തിപിടിച്ചതിനാൽ ആന്തരിക രക്തസ്രാവമുണ്ടാകുകയും വിനോദ് തളർന്നു പോകുകയുമായിരുന്നു

രക്തം നിൽക്കാത്തതിനാൽ വണ്ടി വിളിച്ച് നിഷ വിനോദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. പിടിവലിക്കിടെ നിലത്തുവീണപ്പോൾ എന്തോ കൊണ്ടാണ് മുറിവിന് കാരണമെന്നാണ് നിഷ പറഞ്ഞത്. എന്നാൽ പോലീസിന് സംശയം തോന്നി നിഷയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
 

Share this story