സുശാന്ത് കേസ് മറ്റൊരു വഴിത്തിരിവിലേക്ക്; സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ പോലീസ് ചോദ്യം ചെയ്യും

സുശാന്ത് കേസ് മറ്റൊരു വഴിത്തിരിവിലേക്ക്; സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ പോലീസ് ചോദ്യം ചെയ്യും

നടൻ സുശാന്ത് രാജ്പുത്ത് കേസുമായി ബന്ധപ്പെട്ട് ബോളിവുഡ് സംവിധായകനും തിരക്കഥകൃത്തും നിർമ്മാതാവുമായ സഞ്ജയ് ലീല ബൻസാലിയെ പോലീസ് ചോദ്യം ചെയ്യും. അടുത്ത ദിവസങ്ങളിൽ തന്നെ സംവിധായകനെ ചോദ്യം ചെയ്യുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ബൻസാലിയെ പോലീസിന് മുന്നിൽ ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടാതെ യഷ് രാജ് ഫിലിംസിന്റെ കാസ്റ്റിംഗ് ഡയറക്ടർ ഷാനൂ ശർമയെ വീണ്ടും ചോദ്യം ചെയ്യും. ജൂൺ 28 നായിരുന്നു ബാന്ദ്ര പോലീസ് സ്റ്റേഷനിൽ വെച്ച് ആദ്യമായി ചോദ്യം ചെയ്തത്. ഇത് കഴിഞ്ഞ് ദിവസങ്ങൾ മാത്രം കഴിയുമ്പോഴാണ് ഇയാളെ രണ്ടാം ഘട്ട ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ശുദ്ധ് ദേസി റൊമാന്‍സ്’, ‘ഡിറ്റക്ടീവ് ബ്യോംകേഷ് ഭക്ഷി’ എന്നീ ചിത്രങ്ങളില്‍ ഷാനൂ സുശാന്തിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

നടി കങ്കണ റാണട്ട്, സംവിധായകനും നിര്‍മ്മാതാവുമായ ശേഖര്‍ കപൂര്‍ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. സുശാന്തിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം നടനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ കാര്യങ്ങളുടെ പേരിലാവും ചോദ്യം ചെയ്യല്‍ നടക്കുക. മൂന്ന് സെപ്ഷ്യല്‍ ടീമുകളാണ് സുശാന്തിന്റെ കേസ് അന്വേഷിക്കുന്നത്.

സുശാന്തിന്റെ കാമുകിയും നടിയുമായ റിയ ചക്രബര്‍ത്തിയെയും കുടുംബാംഗങ്ങളെയും മറ്റു സുഹൃത്തുക്കളെയും പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു. താനു സുശാന്തും പ്രണയത്തിലായിരുന്നു എന്ന് ചോദ്യം ചെയ്യലിനിടെ നടി തുറന്ന് സമ്മതിച്ചിരുന്നു. റിയയെ റിയയെ ഒൻപത് മണിക്കൂറോളം ബാന്ദ്ര പോലീസ് ചോദ്യം ചെയ്തിരുന്നു.

മിനിസ്ക്രീനിലൂടെയാണ് സുശാന്ത് സിങ് ബോളിവുഡിൽ എത്തുന്നത്. സ്റ്റാർ പ്ലസ് സംപ്രേഷണം ചെയ്ത് കിസ് ദേശ് മെ മേരാ ദിൽ എന്ന പരമ്പരയിലൂടെയായിരുന്നു തുടക്കം. പവിത്ര റിശ്ത എന്ന പരമ്പര താരത്തെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കുകയായിരുന്നു. തുടർന്നായിരുന്നു നടന്റെ ബോളിവുഡ് അരങ്ങേറ്റം. ബോളിവുഡിൽ തന്റേതായ ഇടം സൃഷ്ടിക്കാൻ വളരെ വേഗം തന്നെ താരത്തിന് സാധിച്ചു.

അമീർ ഖാൻ, അനുഷ്ക ശർമ പ്രധാന വേഷത്തിലെത്തിയ പികെയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിഥി വേഷമായിരുന്നെങ്കിൽ കൂടിയും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ നടനായിരുന്നു, മഹേന്ദ്രസിംഗ് ധോണിയുടെ ബയോപിക് ആയ എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്‌റ്റോറി ആണ് സുശാന്തിന് വലിയ ബ്രേക്ക് നൽകിയത്. ധോണിയായി എത്തിയ സുശാന്തിന്റെ കരിയർ തന്നെ ഈ ചിത്രം മാറ്റി മറിക്കുകയായിരുന്നു.

Share this story