ട്രാൻസ്- സമൂഹത്തെ ഭയക്കാത്ത ചലചിത്ര നിർമ്മിതി

ട്രാൻസ്- സമൂഹത്തെ ഭയക്കാത്ത ചലചിത്ര നിർമ്മിതി

Movie Review 

ട്രാൻസ്- സമൂഹത്തെ ഭയക്കാത്ത ചലചിത്ര നിർമ്മിതി

റിപ്പോർട്ട്: ഷാജി കോട്ടയിൽ


ലോകനിർമ്മിതിയിൽ പരിണാമ സിദ്ധാന്തത്തിന് യാതൊരു പങ്കുമില്ലെന്നും, ഏഴു ദിനംകൊണ്ടോ, മറ്റെങ്ങിനെയോ ദൈവത്തിന്റെ പണിയാണ് ഇക്കണ്ടതെല്ലാം ഉണ്ടാക്കിയതെന്നും, പണ്ടേ നമ്മുടെ പൂർവ്വികൻമാർ വിമാനം പറത്തിയിരുന്നുവെന്നും, വലംപിരിശംഖ് വീട്ടിൽ വച്ചാൽ ഇഷ്ടംപോലെ ധനം ലഭിക്കുമെന്നും, കൃപാസനം പത്രം അരച്ച് കലക്കിക്കുടിച്ചാൽ ഗർഭിണിയാകുമെന്നും, അതേ പത്രം വച്ച്‌കെട്ടിയാൽ കാലിലെ എല്ല് കൂടിച്ചേരുമെന്നും, ചാണകത്തിൽ നിന്ന് സ്വർണ്ണം കിട്ടുമെന്നും അതുവഴി തങ്ങൾ അദാനിയും, അംബാനിയുമൊക്കെയാവുമെന്നും വിശ്വസിക്കുന്ന കോടിക്കണക്കിന് ജനങ്ങൾ വസിക്കുന്ന രാജ്യമാണ് ഇന്ത്യ…

അത്ഭുതസിദ്ധികളുള്ള ചെറുതും, വലുതുമായ ആൾദൈവങ്ങളുടെ കണക്കെടുത്താൽ ഒട്ടും അതിശയോക്തിയില്ലാത്ത വിധം ആയിരക്കണക്കിനെന്ന് ഉറപ്പിച്ച് പറയാവുന്ന രാജ്യം കൂടിയത്രേ നമ്മുടേത്….! ഈ ആൾദൈവങ്ങളിൽ ചിലരുണ്ടാക്കുന്ന കുഴപ്പങ്ങൾ ചർച്ചയാവുന്നുണ്ടെങ്കിലും, വിത്യസ്ത മതങ്ങളിൽ നാനാജാതി വിഭാഗത്തിലും പുതിയ അവതാരങ്ങൾ രൂപപ്പെട്ടുകൊണ്ടേയിരിക്കുന്ന കാഴ്ച അത്ഭുതപ്പെടുത്തുന്നതാണ്…

സിനിമയിലാവട്ടെ ഇത്തരം തട്ടിപ്പുകൾ തുറന്ന് കാണിക്കുന്ന നിരവധി സിനിമകൾ ഉണ്ടായിട്ടുണ്ട്. 2015ലിറങ്ങിയ ബോളിവുഡ് താരം അമീർഖാന്റെ ‘പികെ’ ആൾദൈവസിദ്ധാന്തത്തിന്റെ അന്ധവിശ്വാസങ്ങളെ ധീരമായി തകർത്ത് തരിപ്പണമാക്കുന്നുണ്ട്. മലയാളത്തിൽഅടുത്തകാലത്തിറങ്ങിയ ഏകല്യവൻ, നന്ദനം, മകന്റെ അച്ഛൻ, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ സിനിമകളും ഇത്തരത്തിൽ പരിഗണിക്കാവുന്നതാണ്.

എന്നാൽ സമാന മുൻകാഴ്ച്ചകളെ പാടെ അപ്രസകതമാക്കി ട്രീറ്റുമെന്റിന്റെ പുത്തൻ അനുഭവലോകം തീർക്കുന്ന അപാര സിനിമയാണ് ട്രാൻസ്. രാജമാണിക്യം, ഛോട്ടാമുംബൈ, അണ്ണൻതമ്പി പോലുള്ള ആക്ഷൻകോമഡി ട്രാക്കിൽ നിന്ന് മാറി അത്യന്തം അപകടം നിറഞ്ഞ മതവിശ്വാസത്തിലധിഷ്ഠിതമായ ചൂഷണ സമ്പ്രദായങ്ങളുടെ പൊളിച്ചെഴുത്ത് നടത്തുകയാണ് സംവിധായകൻ അൻവർ റഷീദ്….

ട്രാൻസ്- സമൂഹത്തെ ഭയക്കാത്ത ചലചിത്ര നിർമ്മിതി

കന്യാകുമാരിയിൽ ഹോട്ടൽ ജോലിയോടൊപ്പം മോട്ടിവേഷൻ ക്ലാസ്സെടുത്തും മാനസികരോഗിയായ സഹോദരനൊപ്പം കഷ്ടപ്പെട്ട് ജീവിക്കുന്ന വിജു പ്രസാദിന്റെ ജീവിതകഥയാണ് ട്രാൻസ്. അനിയന്റെ ആത്മഹത്യയിൽ പാതി തകർന്ന് മുംബൈയ്ക്ക് വണ്ടികയറിയ വിജുകൃഷ്ണൻ ‘ജോഷ്വാ കാൾട്ടൺ’ എന്ന ബൈബിൾ പ്രഘോഷകനാ(പാസ്റ്റർ)യി രൂപാന്തരം പ്രാപിക്കുന്നതും തുടർന്നങ്ങോട്ട് തന്റെ സൃഷ്ടാക്കൾക്കും, വിശ്വാസികൾക്കും ഇടയിൽ നടത്തുന്ന പോരാട്ടം കൂടിയാണ് സിനിമ.

അമൽ നീരദിന്റെ ക്യാമറ, സുശീൽ-ജാക്‌സൺ കൂട്ടുകെട്ടിന്റെ സംഗീതം, ഏറ്റവും ശബ്ദമുഖരിതമായ അന്തരീക്ഷത്തെ അത്രമേൽ ഉദാത്തമാക്കുന്ന ഓസ്‌ക്കാർ ജേതാവ് റസ്സൂൽ പൂക്കുട്ടിയുടെ ശബ്ദലേഖനം തുടങ്ങി വിൻസെന്റ് വടക്കന്റെ രചനയും ട്രാൻസിനെ മനോഹരമായി അനുഭവപ്പെടുത്തുന്നു.

പണവും, സ്വാധീനവുമുള്ള രണ്ടോ, മൂന്നോ ആളുകൾ ചേർന്നാൽ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് ആൾദൈവസിദ്ധാന്തമെന്നും, ആയതിന്റെ ചേരുവകൾ എങ്ങനെയാണ് കൃത്യമായി രൂപപ്പെട്ട് വരുന്നതെന്നും (വരുത്തുന്നതെന്നും) സംശയലേശമന്യേ പരുവപ്പെടുത്തിയെടുക്കാൻ സംവിധായകനും, കഥാകൃത്തിനും സാധിച്ചിട്ടുണ്ട്.

തമിഴ് സംവിധായകൻ ഗംതം വാസുദേവ് മേനോൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ശ്രീനാഥ് ഭാസി, സൗബിൻ സാഹിർ, ജിനുജോസഫ്, ധർമ്മജൻ തുടങ്ങിയ വൻ താരനിരയുണ്ടെങ്കിലും ഫഹദ് ഫാസിലിന്റെ നിഴലിൽ നിന്ന് പുറത്ത് ചാടാൻ അവർക്കൊന്നുമാവുന്നില്ല. എന്നാൽ പാസ്റ്ററുടെ കപട വചനങ്ങളിൽ വിശ്വാസമർപ്പിച്ച് ആനാംവെള്ളം (വിശുദ്ധജലം)കൊണ്ട് കുഞ്ഞിന്റെ പനിമാറ്റാൻ ശ്രമിക്കുന്ന വിശ്വാസിയായി വിനായകൻ കസറി. വിവാഹശേഷം ഫഹദിനോടൊപ്പം ഒരുമിച്ച നസ്രിയ ഫഹദ് ഒരു ചലനവും ഉണ്ടാക്കുന്നില്ല താനും…

തുടക്കവും, പകുതിയുമെല്ലാം ഉദ്ദ്വേഗജനകമെങ്കിലും ഫഹദ് ഫാൻസ് പ്രതീക്ഷിക്കുന്നയൊരു പഞ്ച് ഒടുക്കത്തിനുണ്ടായോയെന്ന് സംശയമുണ്ട്. എന്ത് തന്നെയായാലും ഫഹദ് ഫാസിലെന്ന നടന് മലയാളസിനിമാ പ്രേക്ഷകർ നല്കുന്ന മിനിമം ഗ്യാരണ്ടിയുടെ അടയാളമാണ് ആദ്യഷോകൾക്ക് കണ്ട തീയറ്ററുകളിൽ കാണുന്ന തിരക്ക്….

മതവിശ്വാസം അപകടകരമാം വിധം സമൂഹത്തിൽ അഴിഞ്ഞാടുന്ന ഒരിടത്ത് സകല വെല്ലുവിളികളും ഏറ്റെടുത്ത് ഇത്തരമൊരു സിനിമ തീയറ്ററുകളിലെത്തിക്കാൻ കാണിച്ച ധൈര്യത്തിന് സംവിധായകനും, നിർമ്മാതാവുമായ അൻവർ റഷീദിന് അഭിനന്ദനങ്ങൾ…… ഉറപ്പായും അദ്ദേഹത്തിൽ നിന്ന് മലയാളസിനിമയ്ക്ക് കൂടുതൽ പ്രതീക്ഷയ്ക്ക് വകയുണ്ട്…

Share this story