സഹോദരിയെ ഫോണില്‍ വിളിച്ച അജ്ഞാതനെതിരെ നടന്‍ പ്രതാപ് പോത്തന്‍

സഹോദരിയെ ഫോണില്‍ വിളിച്ച അജ്ഞാതനെതിരെ നടന്‍ പ്രതാപ് പോത്തന്‍

ആലുവയില്‍ താമസിക്കുന്ന വയോധികയായ സഹോദരിയെ ഫോണില്‍ വിളിച്ച് പരിഭ്രാന്തി പരത്താന്‍ ശ്രമിച്ച അജ്ഞാതനെതിരെ നടന്‍ പ്രതാപ് പോത്തന്‍. പ്രതാപ് പോത്തനാണെന്ന വ്യാജേന വിളിച്ച് കോവിഡ് ഭീതി പരത്താനാണ് അജ്ഞാതന്‍ ശ്രമിച്ചത്. പ്രതാപ് പോത്തനാണെന്ന വ്യാജേന വിളിച്ച് കോവിഡ് ഭീതി പരത്താന്‍ അജ്ഞാതന്‍ ശ്രമിച്ചത്. ഫോണില്‍ വിളിച്ച് പ്രതാപ് പോത്തനാണെന്ന് പറഞ്ഞ് തുടര്‍ച്ചയായി ചുമയ്ക്കുകയായിരുന്നു. വിളിച്ച വ്യക്തിയെ കൃത്യമായി അറിയാമെന്നും ഇനിയും ഇത്തരം കബളിപ്പിക്കല്‍ തുടര്‍ന്നാല്‍ നിയമനടപടിയുണ്ടാകുമെന്നും താരം സമൂഹമാധ്യമത്തില്‍ കുറിച്ചു. തന്നെ ദേഷ്യം പിടിപ്പിക്കാന്‍ വേണ്ടിയാണ് ഇതുപോലുള്ള പ്രവര്‍ത്തികളെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പ്രതാപ് പോത്തന്‍ മുന്നറിയിപ്പ് നല്‍കി.

 

 

‘എന്റെ സഹോദരി അവരുടെ എണ്‍പതുകളിലാണ്. ദീര്‍ഘകാലമായി ഇറ്റലി ആയിരുന്നു. ഭാഗ്യമെന്നു പറയട്ടെ, വൈറസിന്റെ ആക്രമണത്തിനു മുന്‍പു തന്നെ അവര്‍ ഇറ്റലിയില്‍ നിന്നു തിരിച്ചെത്തി ആലുവയിലെ വീട്ടില്‍ താമസമാക്കിയിരുന്നു. അവരുടെ ഭര്‍ത്താവും മകനും മരിച്ചുപോയതിനാല്‍ ഒറ്റയ്ക്കാണ് താമസം. ഞാനാണെങ്കില്‍ ചെന്നൈയിലും. എനിക്കൊപ്പം വന്നു താമസിക്കാന്‍ നിരവധി തവണ നിര്‍ബന്ധിച്ചെങ്കിലും അവര്‍ വിസമ്മതിച്ചു.

 

ഇന്നലെ, ഒരാള്‍ ഞാനാണെന്നു പറഞ്ഞ് മൊബൈലില്‍ നിന്ന് എന്റെ സഹോദരിയെ വിളിച്ചു. ഡ്രൈവറാണ് ഫോണെടുത്തത്. മറുതലക്കല്‍ ഞാനാണെന്ന് കരുതി ഡ്രൈവര്‍ ഫോണ്‍ എന്റെ സഹോദരിക്കു നല്‍കി. സഹോദരി ഫോണെടുത്തതും അയാള്‍ ചുമയ്ക്കാന്‍ തുടങ്ങി. തുടര്‍ച്ചയായി ചുമയക്കുകയും ഇടയ്ക്ക് ഞാന്‍ പ്രതാപ് ആണെന്ന് പറയുകയും ചെയ്തുകൊണ്ടിരുന്നു. എന്റെ സഹോദരി ഫോണ്‍ കട്ട് ചെയ്ത് എന്റെ നമ്പറില്‍ തിരിച്ചു വിളിച്ചു. കുളിക്കുകയായിരുന്നതിനാല്‍ എനിക്ക് ഫോണ്‍ കോള്‍ എടുക്കാന്‍ കഴിഞ്ഞില്ല. നേരത്തെ വിളിച്ചത് ആരാണെന്ന് ഫോണെടുത്ത് നോക്കാനുള്ള ഒരു അവസ്ഥയിലായിരുന്നില്ല അവര്‍. ഒടുവില്‍, ഞാന്‍ തിരിച്ചു വിളിച്ചപ്പോഴാണ് അവര്‍ക്ക് ആശ്വാസമായത്.’

സഹോദരിയെ വിളിച്ചത് തിരുവനന്തപുരത്തുള്ള ഒരു നമ്പറില്‍ നിന്നാണെന്ന് പ്രതാപ് പോത്തന്‍ വ്യക്തമാക്കി. വിളിച്ചത് ആരാണെന്നു അറിയാമെന്നും ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ മറുപടി ഇതുപോലെ ആയിരിക്കില്ലെന്നും താരം വ്യക്തമാക്കി.

Share this story