മകളുടെ ഓര്‍മയില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി ചിത്ര

മകളുടെ ഓര്‍മയില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി ചിത്ര

വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മകളുടെ വേര്‍പാടിന്റെ ഓര്‍മയില്‍ ഗായിക കെ.എസ്.ചിത്ര. മകള്‍ നന്ദനയെ കുറിച്ച് വികാര നിര്‍ഭരമായ കുറിപ്പ് ചിത്ര ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ചിത്രയുടെ മകള്‍ നന്ദനയുടെ ചരമവാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ചില വേര്‍പാടുകള്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ലെന്നും അത് എപ്പോഴും വേദനാജനകമായി തുടരുന്നു എന്നും മകളുടെ ചിത്രം പങ്കുവച്ചുകൊണ്ട് ചിത്ര ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

 

‘ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യം പൂര്‍ത്തിയാക്കിയ ശേഷം നിത്യലോകത്തേക്ക് പോകുമെന്നും ആളുകള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അത് രോഗശാന്തി നേടുന്ന സമയമാണെന്നും ചിലര്‍ പറയാറുണ്ട്. എന്നാല്‍ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയ ആളുകള്‍ക്ക് അത് സത്യമാണെന്ന് അംഗീകരിക്കാനോ വിശ്വസിക്കാനോ സാധിക്കില്ല.

ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. അത് വളരെ വേദനാജനകവുമാണ്. മിസ് യു നന്ദന’.- ചിത്ര കുറിച്ചു. 2002-ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകള്‍ പിറന്നത്. 2011-ല്‍ ദുബായിലെ വില്ലയില്‍ നീന്തല്‍ കുളത്തില്‍ വീണ് നന്ദന മരണപ്പെടുകയായിരുന്നു.

Share this story