പ്രവാസികള്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സലിം അഹമ്മദ്

പ്രവാസികള്‍ക്ക് വേണ്ടി സ്വരമുയര്‍ത്തി സലിം അഹമ്മദ്

ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണക്കാലത്ത് കുടുങ്ങിപ്പോയ മലയാളികള്‍ക്കു വേണ്ടി സംസാരിച്ച് സംവിധായകന്‍ സലിം അഹമ്മദ്. പ്രവാസിയുടെ കഥ പറഞ്ഞ സ്വന്തം സിനിമയായ പത്തേമാരിയുടെ സെറ്റില്‍ മമ്മൂട്ടിക്കൊപ്പമുള്ള പടം പങ്കുവെച്ചാണ് സലിം അഹമ്മദ് ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്. പ്രവാസികളാരും നാട് കാണാനുള്ള കൗതുകം കൊണ്ട് കടല്‍ കടന്ന് വന്നവരല്ലെന്നും അവരോട് മനുഷ്യത്വപരമായ കരുണ കാണിക്കണമെന്നും കുറിപ്പില്‍ ആവശ്യപ്പെടുന്നു.

 

കുറിപ്പ് വായിക്കാം

‘ആരായിരിക്കും ഈ മണ്ണില് കാലുകുത്തിയ ആദ്യത്തെ മലയാളി ?’ – ഖോര്‍ഫുക്കാന്‍ തീരത്ത് നിന്ന് അടയാളപാറയ്ക്കുമപ്പുറത്തെ കടലിന്റെ അറ്റം നോക്കി നാരായണന്‍ ചോദിച്ചു.

 

‘ആരായിരുന്നാലും നാട് കാണാന്‍ വന്നവരായിരിക്കില്ല, വീട്ടിലെമ്പാട് പട്ടിണിയും പുരനിറഞ്ഞ് നില്‍ക്കുന്ന പെങ്ങമാരുമുള്ള ആരെങ്കിലുമായിരിക്കും’ – മൊയ്തീന്‍.

ശരിയാണ്, അവരാരും നാട് കാണാനുള്ള കൗതുകം കൊണ്ട് കടല് കടന്നവരല്ല.

അവരോട് മനുഷ്യത്വപരമായ കരുണ കാണിക്കണം.

സ്വന്തം കുടുംബത്തിലേക്ക് മടങ്ങുകയെന്ന ആവശ്യം മാത്രമാണ് അവര്‍ക്കുള്ളത്, രോഗികളെ കൊണ്ട് വരണമെന്ന് പറയുന്നുമില്ല.

ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ നിശബ്ദ വിപ്ലവം തന്നെയാണ് മലയാളിയുടെ ഗള്‍ഫ് പ്രവാസം. ഭുപരിഷ്‌ക്കരണ നിയമ പ്രകാരം കിട്ടിയ ഭൂമിക്ക് വിലയുണ്ടായത് മലയാളി ഗള്‍ഫില്‍ പോയതിന് ശേഷമാണ്,

അവരില്‍ പലരും സന്തോഷിച്ചത് അയച്ച് കൊടുത്ത കാശില്‍ നാട്ടില്‍ ഒരാവശ്യം നടന്നല്ലോന്ന് അറിയുമ്പോയാണ് –

അങ്ങിനെ അവരുടെ പണത്തിലാണ് നമ്മള്‍ പള്ളിക്കൂടങ്ങളും ആശുപത്രിയും എയര്‍പോര്‍ട്ടുമെല്ലാം കെട്ടിപൊക്കിയത്; എന്തിനേറെ ക്ലബ് വാര്‍ഷികവും, ടൂര്‍ണ്ണമെന്റ്കളും ഉല്‍സവവും, പള്ളി പെരുന്നാളും, ഉറൂസും നടത്തിയത്……

പ്രളയദുരന്തങ്ങളില്‍ നമുക്കേറെ കൈത്താങ്ങായതും അവരുടെ കരുത്തും കരുതലുമായിരുന്നു.

നമ്മളുറങ്ങുമ്പോഴും നമ്മളെയോര്‍ത്ത് ഉറങ്ങാതിരുന്നതും അവര്‍ തന്നെ….

എന്നാല്‍, അവരൊരിക്കലും അതിന്റെ കണക്ക് പറഞ്ഞിട്ടില്ല. ആ അയച്ചുതന്ന കാശൊരിക്കലും അവരുടെ മിച്ചത്തില്‍ നിന്നായിരുന്നില്ല; പത്ത് തികയ്ക്കാന്‍ കടം വാങ്ങിച്ച മൂന്നും ചേര്‍ത്ത് അയച്ചതായിരുന്നു.

175 ഓളം രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ ജോലി ചെയ്യുന്ന ഗള്‍ഫ് മേഖലയില്‍ നിന്നും സ്വന്തം നാട്ടുകാരെ ഓരോ രാജ്യങ്ങളും കൊണ്ട് പോകുകയാണ്.

സ്വന്തം വീട്ടുകാര്‍ക്ക് പോലും പ്രവാസിയെ മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല, പിന്നെയല്ലെ ഒരു നാടിന്……

ചേറ്റുവ കടപ്പുറത്ത് ലാഞ്ചി വേലയുധന്‍ പുലമ്പി നടന്നതു തന്നെയാണ് സത്യം –

‘ നിങ്ങള് വന്നില്ലെങ്കിലല്ല, നിങ്ങളുടെ മണിയോര്‍ഡര്‍ വന്നില്ലെങ്കിലാ അവര്‍ക്ക് സങ്കടം….. മഞ്ഞും മഴയും വെയിലും കൊള്ളാതെ തണലേകികൊണ്ട് നടന്നതെല്ലാം അവര്‍ മറക്കും…. ഒടുവില് ഓട്ടവീണ കുട പോലെ ഒരു മുലേല്……

അങ്ങനെയൊക്കെ തന്നെയായിരിക്കും നിന്റെയൊക്കെ അവസാനം….

ചേറ്റുവയുടെ മണ്ണില്‍ വേലായുധന്‍ നടന്നകന്ന തീരം നോക്കി നാരായണന്‍ സ്വയം സമാധാനിച്ചു.

‘തിരിച്ച് കിട്ടുന്ന് കരുതി ആര്‍ക്കു ഒരു സഹായവും ചെയ്തിട്ടില്ല. തിരിച്ചുകിട്ടുമെന്ന് കരുതി കൊടുക്കുന്നത് സ്‌നേഹല്ല കടം കൊടുക്കലാ….

Share this story