മനപൂര്‍വമായ വ്യക്തിഹത്യ എന്ന ഉദ്ദേശമാണ് ഇതിന് പിന്നില്‍; തമ്പി ആന്റണി

മനപൂര്‍വമായ വ്യക്തിഹത്യ എന്ന ഉദ്ദേശമാണ് ഇതിന് പിന്നില്‍; തമ്പി ആന്റണി

അമേരിക്കയിലെ തന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളോടു പ്രതികരിച്ച് സാഹിത്യകാരനും ചലച്ചിത്ര താരവുമായ തമ്പി ആന്റണി. മനപൂര്‍വമായ വ്യക്തിഹത്യ എന്ന ഉദ്ദേശത്തോടെയാണ് തനിക്കും ഭാര്യക്കും എതിരേ വാര്‍ത്ത പടച്ചുവിടുന്നത്. കാര്യങ്ങളുടെ സത്യസന്ധത അറിയാതെയാണ് പലരും പ്രതികരിക്കുന്നതെന്നും അദ്ദേഹം സ്വകാര്യ മാധ്യമത്തിനോട് പ്രതികരിച്ചു. ‘കേരളം പോലെ ലോകത്തിന് മാതൃകയാകുന്ന ഒരു നാടിന്റെ ഭാഗമാണ് ഞങ്ങളും. നമ്മുടെ സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും മറ്റും കൈക്കൊള്ളുന്ന നടപടികളിലും മുന്‍കരുതലുകളിലും പ്രചോദനമുള്‍ക്കൊണ്ടു തന്നെയാണ് ഇവിടെയും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

എന്നാല്‍ ഓരോ രാജ്യത്തിനും അതിന്റേതായ പരിമിതകള്‍ ഉണ്ട്. ആ അളവുകോലില്‍ നിന്നുകൊണ്ട് നമ്മളാല്‍ കഴിയുന്ന സഹായം ചെയ്യാനാകും എന്നുതന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ.’ ഈ സംഭവുമായി ബന്ധപ്പെടുത്തി കുടുംബാംഗങ്ങളടക്കമുള്ളവരെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിലും സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലും ദുഖമുണ്ടെന്ന് തമ്പി ആന്റണിയും പ്രേമയും പറഞ്ഞു. കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ ബാധിച്ച രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. ഇവിടെയുള്ള മരണങ്ങളില്‍ ഭൂരിഭാഗവും പ്രായാധിക്യമുള്ളവരും മറ്റു ഗുരുതരരോഗങ്ങളില്‍ ചികിത്സയിലുമിരുന്നവരുമാണ്. ഞങ്ങളുടെ ഉടമസ്ഥതയിലുള്ള ഗേറ്റ് വേ നഴ്‌സിങ് റിഹാബിലിറ്റേഷന്‍ സെന്ററിലും കോവിഡ് രോഗം മൂലം മരിച്ചവര്‍ ഇതുപോലെയുള്ള ആളുകളാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിനു മുമ്പ് തന്നെ ഇവിടെ ചികിത്സയില്‍ കഴിയുന്ന ആളുകളുടെ ബന്ധപ്പെട്ടവര്‍ക്ക് കത്ത് അയച്ചിരുന്നു. അസുഖ ബാധിരായവര്‍ക്ക് താല്‍ക്കാലികമായ ചികിത്സാ സഹായമാണ് ഇവിടെ ചെയ്യുക. രോഗം മൂര്‍ഛിക്കുന്ന സാഹചര്യത്തില്‍ ഇവരെ ആശുപത്രികളിലേയ്ക്കു മാറ്റുകയാണ് പതിവ്. അങ്ങനെ പലരെയും ഇവിടെ നിന്നു മാറ്റിയിരുന്നു. നിര്‍ഭാഗ്യവശാല്‍ അവര്‍ അവിടെ മരിക്കുകയായിരുന്നു.’

 

‘പല ആശുപത്രികളിലും വേണ്ടത്ര ഡോക്ടര്‍മാരോ നഴ്‌സിങ് സ്റ്റാഫുകളോ ഇല്ല. പലര്‍ക്കും രോഗം പിടിപെട്ടു കഴിഞ്ഞു. കോവിഡ് ടെസ്റ്റ് പൊസിറ്റിവ് ആണെങ്കിലും ലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഇവര്‍ ജോലിക്കുവരണമെന്നാണ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞിരിക്കുന്നത്. അങ്ങനെയുള്ളവര്‍ കോവിഡ് രോഗികളെ ശുശ്രൂക്ഷിക്കണമെന്നാണ് നിയമം. ഇവിടുത്തെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിയമം പൂര്‍ണമായി പാലിച്ച് മാത്രമാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്.’

 

‘നാളുകളായി രാവും പകലും ഞങ്ങള്‍ ഇവിടെയുള്ള രോഗികള്‍ക്കായി മാറ്റിവച്ചിരിക്കുകയാണ്. ഉറങ്ങിയിട്ടു ദിവസങ്ങളായി. എന്റെ കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും എല്ലാം ഇവര്‍ക്കൊപ്പമുണ്ട്. മരിച്ച ആളുകളുടെ വേണ്ടപ്പെട്ടവരുടെ നഷ്ടവും വികാരവും നമുക്ക് മനസിലാക്കാന്‍ കഴിയും. അവരോടൊപ്പം ആ വേദനയില്‍ പങ്കുേചരുകയല്ലാതെ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും. ഈ രോഗത്തിനെതിരെ ഇപ്പോള്‍ ഒരുമിച്ച് പോരാടുകയാണ് ചെയ്യേണ്ടത്. ഞങ്ങള്‍ ഒരു ദൗത്യം ഏറ്റെടുത്തിരിക്കിയാണ്. പ്രതിബന്ധങ്ങളുണ്ടായാലും അതു പൂര്‍ത്തീകരിക്കും.’

 

‘പൊതുസമൂഹത്തില്‍ അറിയിപ്പെടുന്ന ഒരാളായതുകൊണ്ടാകാം എനിക്കെതിരെ ഇത്തരത്തിലൊരു വാര്‍ത്ത വന്നത്. ക്രിമിനല്‍ അന്വേഷണം എന്നൊക്കെ പറയുന്നത് അമേരിക്കയിലെ നിയമവ്യവസ്ഥയിലെ പ്രയോഗമാണ്. ഞാനൊരു നടന്‍ കൂടിയായതിനാല്‍ ഇത്തരം വാര്‍ത്തകള്‍ നന്നായി കച്ചവടം ചെയ്യാനാകും എന്ന് ഇക്കൂട്ടര്‍ക്ക് അറിയാം. അതല്ലാതെ വാര്‍ത്തയില്‍ പറയുന്നതുപോലെ ഭീകരാവസ്ഥയൊന്നും ഇല്ല. അമേരിക്കയിലെ ആയിരണക്കണക്കിന് നഴ്‌സിങ് ഹോമുകളിലും ഇതേ അവസ്ഥ തന്നെയാണെന്നും ഇവര്‍ പറയുന്നു.

Share this story