ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നായിരുന്നു ജോജു ചാന്‍സ് ചോദിക്കാനെത്തിയിരുന്നതെന്ന് ജിയോ ബേബി

ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നായിരുന്നു ജോജു ചാന്‍സ് ചോദിക്കാനെത്തിയിരുന്നതെന്ന് ജിയോ ബേബി

നടന്‍ ജോജുവിനെക്കുറിച്ച് സംവിധായകന്‍ ജിയോ ബേബി. സിനിമയില്‍ എത്തുന്നതിന് മുമ്പ് ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളിലൂടെ കടന്നുപോയിട്ടുണ്ടെന്ന് ജോജു തന്നെ പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആദ്യകാലത്ത് ചാന്‍സ് ചോദിക്കാന്‍ ജോജു എറണാകുളത്തെത്തിയതിനെക്കുറിച്ച് പറയുകയാണ് ജിയോ ബേബി. സ്വന്തം സ്ഥലമായ മാളയില്‍ നിന്നും സിനിമയില്‍ ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നായിരുന്നുവെന്ന് ജിയോ ഫെയ്‌സ്ബുക്കില്‍ കുറിക്കുന്നു.

 

കുറിപ്പ് വായിക്കാം

’25 വര്‍ഷങ്ങള്‍. ഒരിക്കല്‍ ജോജു ചേട്ടന്‍ പറഞ്ഞതാണ്. മാളയില്‍ നിന്ന് ചാന്‍സ് ചോദിക്കാന്‍ എറണാകുളം വരുന്നത് ചാണകം കൊണ്ടുപോകുന്ന ലോറിയുടെ പിന്നില്‍ നിന്നാണ്, ഷര്‍ട്ടില്‍ ചാണകം ആവാതെ അങ്ങനെ നിന്നു യാത്ര ചെയ്യാന്‍ ഒരുപാട് കഷ്ടപ്പാടാണ്.’

‘ലോറിയില്‍ നിന്ന് ഇറങ്ങി കഴിഞ്ഞാല്‍ ലിഫ്റ്റ് ചോദിച്ചു ചോദിച്ചു എറണാകുളം എത്തും, തിരിച്ചു പോക്കും ഇങ്ങനെ തന്നെയാണ്. അങ്ങനെ വന്നതാണ് സിനിമയില്‍. വന്നിട്ട് 25 വര്‍ഷങ്ങള്‍ ആയി. അതു കൊണ്ട് ഇവിടെ തന്നെ കാണും. അവാര്‍ഡുകള്‍ തിക്കും തിരക്കും കൂട്ടാത്തെ വന്നു കേറേണ്ടതാണ്. എനിക്ക് മുത്താണ്, എന്ത് പ്രശ്‌നം വന്നാലും വിളിക്കാന്‍ ഉള്ള മനുഷ്യന്‍ ആണ് ജോജു ചേട്ടന്‍. ഇനിയും ഞങ്ങളെ വിസ്മയിപ്പിച്ചാലും.’-ജിയോ കുറിച്ചു.

ജിയോ ബേബിയുടെ ആദ്യ സംവിധാനസംരംഭമായ കുഞ്ഞു ദൈവത്തില്‍ ജോജു പ്രധാനവേഷം അഭിനയിച്ചിരുന്നു. മികച്ച ബാലതാരത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഈ ചിത്രത്തിലെ അഭിനയത്തിന് ആദിഷ് പ്രവീണ്‍ സ്വന്തമാക്കി.

ടൊവിനോ തോമസ് നായകനായ കിലോമീറ്റര്‍സ് ആന്‍ഡ് കിലോമീറ്റര്‍സ് ആണ് ജിയോ ബേബിയുടേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രം

Share this story