‘ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല,’-ജ്യോതികയെ പിന്തുണച്ച് സൂര്യ

‘ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല,’-ജ്യോതികയെ പിന്തുണച്ച് സൂര്യ

മുന്‍പ് നടന്നൊരു അവാര്‍ഡ് ചടങ്ങില്‍ നടി ജ്യോതിക നടത്തിയ പ്രസംഗത്തിന്റെ പേരില്‍ അവര്‍ക്കെതിരെ ഓണ്‍ലൈന്‍ ആക്രമണം നടത്തുന്നവര്‍ക്ക് മറുപടിയുമായി നടനും ജ്യോതികയുടെ ഭര്‍ത്താവുമായ സൂര്യ. ‘ഒറ്റയ്ക്കു നില്‍ക്കാന്‍ ഒരു വൃക്ഷം ആഗ്രഹിച്ചാല്‍പ്പോലും കാറ്റ് അതിന് അനുവദിക്കില്ല,” എന്ന വാക്കുകളോടെയാണ് സൂര്യയുടെ പ്രതികരണം ആരംഭിക്കുന്നത്. ”കുറേനാള്‍ മുന്‍പ് ഒരു അവാര്‍ഡു വേദിയില്‍ എന്റെ ഭാര്യ ജ്യോതിക നടത്തിയ ഒരു പരാമര്‍ശം ഓണ്‍ലൈനില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ക്ഷേത്രങ്ങള്‍ പലിപാലിക്കപ്പെടുന്നത്ര ശ്രദ്ധയോടെ വിദ്യാലയങ്ങളും ആശുപത്രികളും പരിപാലിക്കപ്പെടണമെന്ന ആശയമാണ് ജ്യോതിക പങ്കുവച്ചത്. ഈ അഭിപ്രായപ്രകടനത്തെ ഒരു കുറ്റകൃത്യമായാണ് ചിലര്‍ വിലയിരുത്തിയിരിക്കുന്നത്. വിവേകാനന്ദനെപ്പോലെയുള്ള ആത്മീയ നേതാക്കള്‍ മുന്‍പോട്ടുവച്ച ആശയമാണ് അത്. ജനത്തെ സേവിക്കുക എന്നത് ദൈവത്തെ സേവിക്കുന്നതുപോലെയാണ്. നമ്മുടെ സമൂഹം ഒരുപാടുകാലം ഒപ്പം കൊണ്ടുനടന്നിരുന്ന ഒരു ചിന്തയാണിത്. തിരുമൂലരെപ്പോലുള്ളവരും ഇതിനെ പിന്‍പറ്റിയിരുന്നു. ആ ലിഖിതങ്ങളൊന്നും വായിക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവര്‍ക്ക് ഇതൊന്നും അറിയണമെന്നുതന്നെ കാണില്ല.”

 

ജ്യോതിക പറഞ്ഞ വാക്കുകളെയും ജ്യോതികയേയും താനും തന്റെ മുഴുവന്‍ കുടുംബവും പിന്തുണയ്ക്കുന്നുവെന്നും സൂര്യ പറഞ്ഞു. മതത്തേക്കാള്‍ പ്രധാനമാണ് മാനവികതയെന്നു പറഞ്ഞ് പഠിപ്പിച്ചാണ് തങ്ങള്‍ മക്കളേയും വളര്‍ത്തുകയെന്ന് സൂര്യ കൂട്ടിച്ചേര്‍ത്തു.

 

തങ്ങളെ സ്വഭാവഹത്യ നടത്താന്‍ അനേകം പേര്‍ ഓണ്‍ലൈനില്‍ കഠിനാധ്വാനം ചെയ്ത സമയത്ത് തങ്ങളെ പിന്തുണച്ച പേരറിയാത്ത ഒരുപാടു പേരോട് നന്ദിയുണ്ടെന്നും സൂര്യ പറയുന്നു.

ക്ഷേത്രങ്ങള്‍ പരിപാലിക്കപ്പെടുന്നതിലെ ശ്രദ്ധ തമിഴ്‌നാട്ടില്‍ ആശുപത്രികള്‍ക്കും വിദ്യാലയങ്ങള്‍ക്കും നല്‍കാന്‍ സര്‍ക്കാരും ജനങ്ങളും ശ്രദ്ധിക്കണമെന്നായിരുന്നു ജ്യോതിക അവാര്‍ഡ് വേദിയില്‍ പറഞ്ഞത്.

 

ജ്യോതികയുടെ ഈ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളെ കുറിച്ച് ജ്യോതിക പരാമര്‍ശിക്കാത്തത് എന്തുകൊണ്ടെന്നാണ് വിമര്‍ശകരുടെ ചോദ്യം. ഇതിനിടെയാണ് ഭാര്യക്ക് പിന്തുണയുമായി സൂര്യ പ്രസ്താവനയിറക്കിയത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട കത്തിലൂടെയാണ് സൂര്യയുടെ പ്രതികരണം.

Share this story