സരോജ് ഖാന് വിട; ഐശ്വര്യ റായിയും മാധുരി ദീക്ഷിതും മത്സരിച്ച് നൃത്തം ചെയ്ത ഡോലാരേ

Share with your friends

സിനിമാലോകത്തെ വേദനയിലാഴ്ത്തി മറ്റൊരു വിയോഗ വാര്‍ത്ത കൂടി പുറത്തുവന്നിരിക്കുകയാണ്. ബോളിവുഡ് സിനിമയിലെ എക്കാലത്തേയും മികച്ച നൃത്ത സംവിധായകരിലൊരാളായ സരോജ് ഖാന്‍ അന്തരിച്ചുവെന്നുള്ള വിവരമാണ് വെള്ളിയാഴ്ച പുലര്‍ച്ചെ പുറത്തുവന്നത്. 71കാരിയായ സരോജിന് ഹൃദയാഘാതം വന്നതോടെയായിരുന്നു അന്ത്യം സ്ഥിരീകരിച്ചത്.
ശ്വാസതടസ്സത്തെ തുടര്‍ന്ന് ജൂണ്‍ 20 നായിരുന്നു സരോജ് ഖാനെ ബാന്ദ്രയിലെ ഗുരുനാനാക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടയില്‍ കൊവിഡ് ടെസ്റ്റും നടത്തിയിരുന്നു. റിസല്‍ട്ട് നെഗറ്റീവായിരുന്നു. ബി സോഹന്‍ലാലാണ് സരോജ് ഖാന്റെ ജീവിതപങ്കാളി. ഹിന ഖാന്‍, സുകന്യ ഖാന്‍, ഹമീദ് ഖാന്‍ എന്നിവരാണ് മക്കള്‍.

ബോളിവുഡ് സിനിമയിലെ മികച്ച നൃത്ത സംവിധായകരിലൊരാളായിരുന്ന സരോജ് ഖാന് ആദരാഞ്ജലി നേര്‍ന്ന് താരങ്ങളും സിനിമാപ്രവര്‍ത്തകരുമെല്ലാം എത്തിക്കൊണ്ടിരിക്കുകയാണ്. വിവേക് രഞ്ജന്‍ അഗ്നിഹോത്രി, നിമ്രത് കൗര്‍, അക്ഷയ് കുമാര്‍തുടങ്ങി നിരവധി പേരാണ് ട്വിറ്ററിലൂടെ സരോജ് ഖാന് ആദരാഞ്ജലി നേർന്നത്.
വെള്ളിയാഴ്ച പുലര്‍ന്നത് തന്നെ വളരെയധികം ദു:ഖകരമായ വാര്‍ത്ത കേട്ടാണ്. അവരുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. കളങ്കമില്ലാത്ത സ്‌നേഹമായിരുന്നു ലഭിച്ചിരുന്നത്. സരോജിനൊപ്പം പ്രവര്‍ത്തിക്കാനുള്ള അവസരവും തനിക്ക് ലഭിച്ചിരുന്നുവെന്നുമായിരുന്നു വിവേക് രഞ്ജന്‍ അഗ്നിഹോത്രി ട്വീറ്റ് ചെയ്തത്.

ഡാന്‍സ് ചെയ്യാന്‍ എളുപ്പമാണെന്നും എല്ലാവര്‍ക്കും ചുവട് വെക്കാമെന്നും പഠിപ്പിച്ചത് സരോജ് ഖാനായിരുന്നു. സിനിമാലോകത്തിന് വലിയ നഷ്ടമാണ് ഈ വിയോഗം. അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നായിരുന്നു അക്ഷയ് കുമാര്‍ ട്വീറ്റ് ചെയ്തത്.

പ്രേക്ഷ മനസ്സില്‍ പതിഞ്ഞ നിരവധി ഗാനങ്ങളുടെ നൃത്തച്ചുവടുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് സരോജ് ഖാനായിരുന്നു. നാല് പതിറ്റാണ്ടായി നൃത്തരംഗത്ത് സജീവമായിരുന്നു അവര്‍. 2000 ലധികം ഗാനങ്ങള്‍ക്ക് നൃത്തസംവിധാനം ചെയ്യാനുള്ള ഭാഗ്യവും സരോജ് ഖാന് ലഭിച്ചിട്ടുണ്ട്.
ഏക് ദോ തീന്‍, ഹേ ഡോലാരെ, യേ ഇഷ്‌ക് ഹായേ തുടങ്ങിയ ഗാനങ്ങള്‍ക്കെല്ലാം നൃത്തച്ചുവടൊരുക്കിയത് സരോജ് ഖാനായിരുന്നു. കരണ്‍ ജോഹര്‍ ചിത്രമായ കലങ്കിലെ തബാ ഹോ ഗയേയായിരുന്നു ഒടുവിലായി കോറിയോഗ്രാഫി ചെയ്ത ഗാനം. ഐശ്വര്യ റായി, മാധുരി ദീക്ഷിത്, കരീന കപൂര്‍ തുടങ്ങി ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങള്‍ക്കുമൊപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട് സരോജ് ഖാന്‍.

-

ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്‌സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

-

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-