മണിച്ചിത്രത്താഴ് രണ്ടാം ഭാഗം വരുന്നു! മലയാളത്തില്‍ അല്ല, പിന്നെയോ?

മണിച്ചിത്രത്താഴ് രണ്ടാം ഭാഗം വരുന്നു! മലയാളത്തില്‍ അല്ല, പിന്നെയോ?

മലയാളത്തിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് സിനിമകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മണിച്ചിത്രത്താഴ് ആയിരിക്കും. ഫാസിലിന്റെ സംവിധാനത്തില്‍ 1993 ല്‍ റിലീസിനെത്തിയ ചിത്രത്തില്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി, ശോഭന എന്നിവരായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മധ്യതിരുവിതാംകൂറിലെ പ്രശസ്തമായ ആലുമൂട്ടില്‍ കൊട്ടരത്തിലെ ഒരു ഈഴവ കുടുംബത്തില്‍ നടന്ന ദുരന്തസംഭവത്തെ സ്വാധീനിച്ച് മധു മുട്ടമാണ് മണിച്ചിത്രത്താഴിന് വേണ്ടി കഥയൊരുക്കിയത്.
മലയാളത്തില്‍ നിര്‍മ്മിച്ച സിനിമയുടെ റീമേക്ക് തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ പലഭാഷകളിലും നിര്‍മ്മിച്ചിരുന്നു. ഇപ്പോഴിതാ ഹിന്ദിയില്‍ നിര്‍മ്മിച്ച മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഭൂല്‍ ഭുലയ്യ എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു ഹിന്ദിയില്‍ മണിച്ചിത്രത്താഴ് എത്തിച്ചത്. രണ്ടാം ഭാഗം വരുമ്പോള്‍ പ്രിയദര്‍ശന്റെ സംവിധാനത്തിലായിരിക്കില്ലെന്നുള്ള റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്.

2007 ല്‍ റിലീസ് ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാര്‍, അമേഷ് പട്ടേല്‍, വിദ്യ ബാലന്‍ എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഫര്‍ഹാദ് സാംജിയായിരിക്കും ചിത്രം സംവിധാനം ചെയ്യുന്നത്. ഇതിന് വേണ്ടിയുള്ള ചര്‍ച്ചകള്‍ നിര്‍മാതാവുമായി നടത്തിയെന്നും സൂചനയുണ്ട്. നിലവില്‍ ബോളിവുഡിലെ ഹിറ്റ് സിനിമയായ ഹൗസ്ഫുള്‍ 4 ന്റെ ചിത്രീകരണ തിരക്കുകളിലാണ് അക്ഷയ് കുമാറും ഫര്‍ഹാദും. ഇതിന് ശേഷമായിരിക്കും മണിച്ചിത്രത്താഴിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുക.
മലയാള സിനിമയ്ക്ക് എക്കാലവും അഭിമാനിക്കാനുള്ള വകയാണ് ഫാസിലിന്റെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് പിറന്നത്. ഇന്നും അതേ താല്‍പര്യത്തോടെ മണിച്ചിത്രത്താഴ് കണ്ടിരിക്കാന്‍ പറ്റുമെന്നുള്ളതാണ് സിനിമയുടെ വിജയങ്ങളില്‍ പ്രധാനപ്പെട്ടത്. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ നിര്‍മ്മിച്ച സിനിമയെ കുറിച്ചുള്ള ഓര്‍മ്മകള്‍ സംവിധായകന്‍ ഫാസില്‍ പല അഭിമുഖങ്ങളിലും തുറന്ന് പറയാറുണ്ട്. ഏറ്റവും നല്ല ജനപ്രിയ ചിത്രത്തിനുള്ള ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളായിരുന്നു സിനിമയ്ക്ക് ലഭിച്ചിരുന്നത്. മണിച്ചിത്രത്താഴിലൂടെ ആ വര്‍ഷത്തെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ശോഭനയ്ക്ക് ലഭിച്ചിരുന്നു.

Share this story