സിനിമയിലെ തുടക്കകാലത്തെക്കുറിച്ച് സുരാജ്; ‘രണ്ട് പടം, അതിനപ്പുറം ഇവന്‍ പോകില്ല’!

സിനിമയിലെ തുടക്കകാലത്തെക്കുറിച്ച് സുരാജ്; ‘രണ്ട് പടം, അതിനപ്പുറം ഇവന്‍ പോകില്ല’!

ഹാസ്യ വേഷങ്ങളില്‍ നിന്നും മലയാളത്തിലെ മികച്ച നടന്‍മാരില്‍ ഒരാളായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. തിരുവനന്തപുരം ഭാഷ സിനിമയില്‍ അവതരിപ്പിച്ചാണ് സുരാജ് ശ്രദ്ധേയനായത്. രാജമാണിക്യത്തില്‍ മമ്മുട്ടിയെ സഹായിക്കാനായി എത്തിയ താരം പിന്നീട് മോളിവുഡില്‍ സജീവമാവുകയായിരുന്നു. പേരറിയാത്തവര്‍ എന്ന ചിത്രത്തിലൂടെയുളള ദേശീയ പുരസ്‌കാരത്തിന് ശേഷമാണ് സീരിയസ് റോളുകളില്‍ നടന്‍ കൂടുതലായി അഭിനയിക്കാന്‍ തുടങ്ങിയത്.
സിനിമ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയില്ലെങ്കിലും ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ സുരാജിന്റെ അഭിനയമികവ് എല്ലാവരും കണ്ടു. അന്ന് സിനിമാ പ്രേമികളെ ഒന്നടങ്കം വിസ്മയിപ്പിച്ച പ്രകടനമാണ് സുരാജ് കാഴ്ചവെച്ചിരുന്നത്. ആക്ഷന്‍ ഹീറോ ബിജുവിന് പിന്നാലെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കുട്ടന്‍പിളളയുടെ ശിവരാത്രി, തീവണ്ടി, യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളിലെ സുരാജിന്റെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടു.

2019 ആണ് നടന്റെ മികച്ച കഥാപാത്രങ്ങള്‍ കൂടുതലായി പുറത്തിറങ്ങിയ വര്‍ഷം. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങിയ സിനിമകളില്‍ വിസ്മയിപ്പിക്കുന്ന അഭിനയ പ്രകടനമാണ് സുരാജ് വെഞ്ഞാറമൂട് കാഴ്ചവെച്ചത്. വ്യത്യസ്ത കഥാപശ്ചാത്തലമുളള ഈ ചിത്രങ്ങളിലെല്ലാം ശരിക്കും ജീവിക്കുകയായിരുന്നു താരം.

ഫൈനല്‍സിലെ ഇടുക്കികാരനായ കായികാധ്യാപകന്‍, വികൃതിയിലെ ഭിന്നശേഷിക്കാരനായ ഏല്‍ദോ, ഡ്രൈവിംഗ് ലൈസന്‍സിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍, ആന്‍ഡ്രായിഡ് കുഞ്ഞപ്പനിലെ പയ്യന്നൂരുകാരന്‍ ഭാസ്‌കര പൊതുവാള്‍ തുടങ്ങിയ കഥാപാത്രങ്ങളായി അസാധ്യ പ്രകടനമായിരുന്നു സുരാജ് കാഴ്ചവെച്ചത്. സിനിമയിലേക്ക് വന്ന സമയത്ത് താന്‍ നേരിട്ട കളിയാക്കലുകളെക്കുറിച്ച് സുരാജ് ഒരഭിമുഖത്തില്‍ തുറന്നുപറഞ്ഞിരുന്നു.

ഞാന്‍ സിനിമയിലേക്ക് വന്ന സമയത്ത് ചിലര്‍ പറഞ്ഞത് ഇങ്ങനെയാണ്. അവന്‍ തിരുവനന്തപുരം ഭാഷ കൊണ്ട് മാത്രം അഭിനയിക്കുന്നവനാ. രണ്ട് പടം. അതിനപ്പുറം പോകില്ല. മറ്റ് ചിലര്‍, സുരാജേ സ്ഥിരം ഈ തിരുവനന്തപുരം ഭാഷ ചെയ്യേണ്ട മാറ്റിപ്പിടിക്കണം എന്ന് ഉപദേശിക്കും. ഇത് കേട്ട് ഇനി തിരുവനന്തപുരം ഭാഷ പറയില്ലെന്ന് തീരുമാനിച്ച് ഞാന്‍ സെറ്റില്‍ ചെല്ലും. അപ്പോള്‍ ചില സംവിധായകര്‍ പറയും, സുരാജേ ഒരു സീന്‍ നമ്മളെ തിരുവനന്തപുരം ഭാഷയില്‍ അങ്ങ് തകര്‍ത്തേക്ക് നന്നായിരിക്കും, അതായിരുന്നു അവസ്ഥ.

ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം മായാവിയിലെ ഗിരി എന്ന വേഷമാണ് ആദ്യ ഘട്ടത്തില്‍ സുരാജിന് ബ്രേക്കായി മാറിയത്. പിന്നീട് നായകവേഷങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് മുന്‍നിര നായികമാര്‍ തന്റെ നായികയാവാന്‍ വിസമതിച്ചതിനെക്കുറിച്ചും സുരാജ് പറഞ്ഞിരുന്നു. പല മുന്‍നിര നായികമാരും ആദ്യ കാലങ്ങളില്‍ എന്റെ നായിക ആവാന്‍ തയ്യാറായില്ല. അതെനിക്ക് വല്ലാത്ത വിഷമമുണ്ടാക്കി. കാരണം ഞാന്‍ ആരോടും ഒരു തെറ്റും ചെയ്തിട്ടില്ല.

തനിക്ക് മികച്ച നടനുളള ദേശീയ അവാര്‍ഡ് കിട്ടിയെങ്കിലും പേരറിയാത്തവര് എന്ന സിനിമ വലിയൊരു വിഭാഗം പ്രേക്ഷകരിലേക്ക് എത്താതിരുന്നത് ഏറെ വിഷമമുണ്ടാക്കി എന്നും സുരാജ് പറഞ്ഞിരുന്നു. എന്നെ സംബന്ധിച്ച് അവാര്‍ഡിനേക്കാള്‍ വലുത് പ്രേക്ഷകര്‍ നല്‍കുന്ന കൈയ്യടിയാണ്. കോമഡിയും കളിച്ചോണ്ട് നില്‍ക്കുന്ന ഇവനെന്തിനാണ് അവാര്‍ഡ് നല്‍കിയത്.എന്തായാലും ഇവന് കാശ് കൊടുത്തെന്നും വാങ്ങിക്കാനുളള കഴിവില്ല. പിന്നെ എങ്ങനെ എന്ന് വരെ ചിന്തിക്കുന്നവരുണ്ടായിരുന്നു. പിന്നെ ആക്ഷന്‍ ഹീറോ ബിജു കണ്ട് അത് അവരെല്ലാം മാറ്റിപറഞ്ഞു. അപ്പോഴാണ് എനിക്ക് സന്തോഷമായത്. കോമഡി തന്റെ ജീവവായുവാണെന്നും അത് വിട്ടുകളയില്ലെന്നും സുരാജ് പറയുന്നു. എന്നാല്‍ ഇപ്പോള്‍ നമുക്ക് കിട്ടുന്ന നല്ല കഥാപാത്രങ്ങളില്‍ മികച്ചത് നോക്കി ചെയ്യകയാണ് ഇപ്പോള്‍. നല്ല ക്യാരക്ടര്‍ റോളുകളാണ് ഇപ്പോള്‍ എന്നെ തേടിവരുന്നത്. പ്രേക്ഷകര്‍ക്ക് എന്റെ ഇങ്ങനത്തെ റോളുകളും ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്.

Share this story