സുശാന്തിന്റെ മാനേജര്‍ ദിഷ ഗര്‍ഭിണിയായിരുന്നു, സൽമാൻ ഖാന് സൂരജ് പഞ്ചോളിയെ സംരക്ഷിക്കുന്നു; ആരോപണത്തോട് പ്രതികരിച്ച് താരം
സുശാന്ത് സിങ് രജ്പുത്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയനുമായി പ്രണയത്തിലായിരുന്നു അവര്‍ തന്റെ കുഞ്ഞിന്റെ അമ്മയാകാന്‍ പോവുകയായിരുന്നുവെന്ന ആരോപണങ്ങളോട് പ്രതികരിച്ച് നടന് സൂരജ് പഞ്ചോളി. ദിഷയെ അറിയില്ലെന്നും ഇതുവരെ കണ്ടിട്ടില്ലെന്നുമാണ് സൂരജ് പറയുന്നത്.
ജൂണ്‍ 8ന് ആണ് ദിഷ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് മരിച്ചത്. ഇതിനെ കുറിച്ചുള്ള അന്വേഷണം നടക്കുകയാണ്. ദിഷ സൂരജിന്റെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയായിരുന്നു. ഇക്കാര്യം സുശാന്തിനും അറിയാമായിരുന്നു. സുശാന്തും സൂരജും തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. സൂരജിനെ നടന് സല്മാന് ഖാന് സംരക്ഷിക്കുകയായിരുന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഈ ആരോപണങ്ങള്‍ തള്ളിയാണ് സൂരജ് പ്രതികരിച്ചിരിക്കുന്നത്. സുശാന്തുമായി ഒരു പ്രശ്നവുമില്ലെന്നും ഇക്കാര്യം നേരത്തെയും വ്യക്തമാക്കിയതായി സൂരജ് ബോംബെ ടൈംസിനോട് പറഞ്ഞു. സല്മാന് ഖാന് എന്തിന് തന്റെ ജീവിതത്തില്‍ ഇടപെടണം അദ്ദേഹത്തിന് ചെയ്യാന്‍ വേറെ കാര്യങ്ങള്‍ ഇല്ലേയെന്നും സൂരജ് പറഞ്ഞു.
ദിഷ ആരെന്നുപോലും അറിയില്ല. ജീവിതത്തില്‍ ഒരിക്കല്‍ പോലും അവരെ കണ്ടിട്ടില്ല. സുശാന്തിന്റെ മരണത്തിനു ശേഷമാണ് അവരെ കുറിച്ച് അറിയുന്നത്. കുടുംബത്തെ ഇത്തരം ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നതില്‍ ദുഖമുണ്ട്. ആരോ അവരുടെ ഫേസ്ബുക്ക് പേജില്‍ ഇത്തരം അസത്യങ്ങള്‍ ഒരു സിനിമാകഥപോലെ എഴുതിയിരിക്കുകയാണ് എന്ന് സൂരജ് അഭിമുഖത്തില്‍ വ്യക്തമാക്കി.
നടി ജിയ ഖാന്റെ മരണത്തിന് ശേഷവും സൂരജ് പഞ്ചോളി അവരുടെ കാമുകനാണെന്ന പ്രചാരണം ഉയര്‍ന്നിരുന്നു. മരണവുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കാന്‍ സല്മാന് ഖാന് ശ്രമിക്കുകയാണെന്ന് ജിയാ ഖാന്റെ അമ്മ റാബിയ അമിന്‍ ആരോപിച്ചിരുന്നു. സൂരജിനെ സംരക്ഷിക്കുന്നത് സല്മാന് ഖാനാണെന്നാണ് ആരോപണം.
-
ഞങ്ങളുടെ വാർത്തകൾ നിങ്ങളുടെ വാട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
-
-

-

-

-
