വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങി 8 വര്‍ഷം; നിവിന്‍ പോളിയുടെ ഭാഗ്യ ചിത്രം

വിനീത് ശ്രീനിവാസന്റെ തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങി 8 വര്‍ഷം; നിവിന്‍ പോളിയുടെ ഭാഗ്യ ചിത്രം

സിനിമയുടെ വിവിധ മേഖലകളിലായി മലയാളത്തില്‍ തിളങ്ങിയിട്ടുളള താരമാണ് വിനീത് ശ്രീനിവാസന്‍. അഭിനേതാവായും സംവിധായകനായും പാട്ടുകാരനായുമൊക്കെ നടന്‍ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്നു. 2010ല്‍ മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെയായിരുന്നു വിനീത് ശ്രീനിവാസന്റെ സംവിധാന അരങ്ങേറ്റം. ഹിറ്റ് ചിത്രത്തിലൂടെ നിരവധി പുതിയ താരങ്ങളാണ് മലയാളത്തിലേക്ക് എത്തിയത്.

നിവിന്‍ പോളി, അജു വര്‍ഗീസ് തുടങ്ങിയ താരങ്ങളെല്ലാം പിന്നീട് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളായി മാറി. മലര്‍വാടി ആര്‍ട്സ് ക്ലബിന് പിന്നാലെ 2012ലാണ് വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ തട്ടത്തിന്‍ മറയത്ത് പുറത്തിറങ്ങിയത്. ഹിറ്റ് ചിത്രം പുറത്തിറങ്ങി ഇന്നേക്ക്‌ ഏട്ട് വര്‍ഷം തികയുകയാണ്.

ഉമ്മച്ചിക്കുട്ടിയുടെയും നായരുടെയും പ്രണയകഥ പറഞ്ഞ സിനിമയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് കേരളത്തിലെ തിയ്യേറ്ററുകളില്‍ ലഭിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ അന്‍വര്‍ റഷീദ് ചിത്രം ഉസ്താദ് ഹോട്ടല്‍ പുറത്തിറങ്ങിയ സമയത്ത് തന്നെയായിരുന്നു തട്ടത്തിന്‍ മറയത്തും റിലീസ് ചെയ്തത്. വിനോദും ആയിഷയുമായി നിവിന്‍ പോളിയും ഇഷ തല്‍വാറും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്.

ഇഷ തല്‍വാറിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്നു തട്ടത്തിന്‍ മറയത്ത്. മലര്‍വാടിക്ക് പിന്നാലെ അജു വര്‍ഗീസിന്റെയും കരിയറില്‍ വഴിത്തിരിവുണ്ടാക്കിയ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്. ചിത്രത്തില്‍ വിനോദിന്റെ കൂട്ടുകാരന്‍ അബ്ദുവായിട്ടാണ് അജു വര്‍ഗീസ് അഭിനയിച്ചത്. പാട്ടുകള്‍ക്കും വലിയ പ്രാധാന്യം നല്‍കികൊണ്ടൊരുക്കിയ ചിത്രമായിരുന്നു തട്ടത്തിന്‍ മറയത്ത്.

ഷാന്‍ റഹ്മാനാണ് സിനിമയുടെ സംഗീതമൊരുക്കിയിരുന്നത്. വിനീത് ശ്രീനിവാസന്‍-ഷാന്‍ റഹ്മാന്‍ കൂട്ടുകെട്ട് മലയാളത്തില്‍ കൂടുതല്‍ തരംഗമായതും തട്ടത്തിന്‍ മറയത്തിലൂടെയായിരുന്നു. അനുരാഗത്തിന്‍ വേളയില്‍, മുത്തുചിപ്പി പോലൊരു എന്നീ ഗാനങ്ങളെല്ലാം അക്കാലത്ത് യുവാക്കള്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. മലര്‍വാടിക്ക് പിന്നാലെ നിവിന്‍ പോളിയെ താരപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രം കൂടിയായിരുന്നു തട്ടത്തിന്‍ മറയത്ത്.

മലബാറിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ ഒരു മനോഹര ചിത്രം എന്നതായിരുന്നു തട്ടത്തിന്‍ മറയത്തിന്റെ മറ്റൊരു പ്രത്യേകത. തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു സിനിമ അണിയിച്ചൊരുക്കിയത്. തലശ്ശേരിയിലെ കടല്‍പ്പാലവും മറ്റുമെല്ലാം സിനിമയുടെ ഭാഗമായി മാറിയിരുന്നു. ജോമോന്‍ ടി ജോണിന്റെ ഛായാഗ്രഹണവും സിനിമയ്ക്ക് മിഴിവേകിയിരുന്നു.

മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു. റിപീറ്റഡ് ഓഡിയന്‍സിനെ കിട്ടിയും തടത്തിന്‍ മറയത്തിന് വലിയ നേട്ടമായി മാറിയിരുന്നു. മുകേഷും ശ്രീനിവാസനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. സിനിമ പിന്നീട് തമിഴിലേക്കും റീമേക്ക് ചെയ്യപ്പെട്ടിരുന്നു. ഇഷ തല്‍വാര്‍ തന്നെയാണ് കോളിവുഡിലും തന്റെ റോള്‍ ചെയ്തത്.

Share this story