ചരിത്രം സൃഷ്ടിച്ചു: ആര്‍ആര്‍ആറിലെ ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍

RRR

രാജമൗലി ചിത്രം ആര്‍ആര്‍ആറിലെ 'നാട്ടു നാട്ടു' ഗാനത്തിന് ഓസ്‌കര്‍ നോമിനേഷന്‍. മികച്ച ഒറിജിനല്‍ ഗാന വിഭാഗത്തിലാണ് നോമിനേഷന്‍. ഗോള്‍ഡന്‍ ഗ്ലോബ് നേടി ആഴ്ചകള്‍ക്ക് ശേഷമാണ് പുതിയ നേട്ടം. എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനത്തില്‍ ജൂനിയര്‍ എന്‍ടിആറും രാംചരണുമാണ് അഭിനയിച്ചിരിക്കുന്നത്. ചടുലമായ താളത്തിലൊരുങ്ങിയ ഗാനം ആഗോള ശ്രദ്ധ നേടിയിരുന്നു. 


ചരിത്രം സൃഷ്ടിച്ച് 'നാട്ടു നാട്ടു' ഗാനം...

RRRലെ 'നാട്ടു നാട്ടു' ഗാനം ഇന്ത്യക്ക് വീണ്ടും അഭിമാനമായി മാറിയിരിക്കുകയാണ്. അപ്ലോസ്( ടെല്‍ ലൈക്ക് എ വുമണ്‍). ഹോള്‍ഡ് മൈ ഹാന്‍ഡ്(ടോപ്പ് ഗണ്‍ മാവ്‌റിക്ക്), ലിഫ്റ്റ് മീ അപ്പ്( ബ്ലാക്ക് പാതര്‍ വാക്കെന്‍ഡ ഫോറെവര്‍), ദിസ് ഈസ് എ ലൈഫ്( എവരിത്തിങ് എവരിവെയര്‍ ആള്‍ അറ്റ് വണ്‍സ്) എന്നിവയാണ് ഈ വിഭാഗത്തിലെ മറ്റ് നോമിനികള്‍.

ആര്‍ആര്‍ആര്‍

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കുള്ള ചിത്രമാണ് ആര്‍ആര്‍ആര്‍. മാര്‍ച്ച് 25നാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. 650 കോടി മുതല്‍ മുടക്കിയ ചിത്രം ആയിരം കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. രൗദ്രം രണം രുദിരം എന്നാണ് ആര്‍ആര്‍ആറിന്റെ യഥാര്‍ത്ഥ പേര്. ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പങ്കുവയ്ക്കുന്നത്. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. 

ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് ചിത്രം സ്വന്തമാക്കിയിരുന്നു. കേരളത്തില്‍ ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്ചേഴ്സ് ആണ് ചിത്രം വിതരണം ചെയ്തത്.

Share this story