ഇരുപത്തിമൂന്ന് വര്‍ഷമായി സിനിമയിലും ടെലിവിഷന്‍ സീരിയലുകളിലും സജീവ സാന്നിധ്യമായ നടി

Movie

തൊണ്ണൂറ്റിയൊമ്പതില്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി മികച്ച മലയാള സിനിമയ്ക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിരുന്നു. ശോഭനയും അന്യഭാഷനടന്‍ രജിത് കപൂറുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ശ്രീവിദ്യ, പ്രവീണ, മധുപാല്‍ തുടങ്ങി നിരവധി അഭിനേതാക്കളും സിനിമയുടെ ഭാഗമായിരുന്നു. എന്നാല്‍ അഗ്നിസാക്ഷി സിനിമയിലെ ചെറിയൊരു വേഷത്തിലൂടെ മലയാള സിനിമയിലേക്ക് തുടക്കം കുറിച്ച ഒരു നടിയുണ്ട്. സിനിമയില്‍ വളരെ കുറച്ച് രംഗങ്ങളില്‍ മാത്രമാണ് ആ നടിയുടെ മുഖം പ്രേക്ഷകര്‍ കാണുന്നത്. ശോഭന അവതരിപ്പിച്ച ദേവകി എന്ന കഥാപാത്രത്തിനൊപ്പം കുളത്തില്‍ വിശേഷങ്ങള്‍ പറഞ്ഞ് കുളിച്ചുകൊണ്ടിരിക്കുന്ന കൂട്ടുകാരികളിലൊരാളായിട്ടാണ് പ്രേക്ഷകര്‍ നടിയെ സിനിമയില്‍ കണ്ടത്. സിനിമയില്‍ കഥകളി നര്‍ത്തകിയായി എത്തിയ ആ നടി പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ടെലിവിഷന്‍ സീരിയലുകളിലൂടെയാണ് മലയാളികള്‍ക്ക് സുപരിചിതയായത്.

എറണാകുളം സ്വദേശിയായ നിഷ ശാരംഗധരന്‍ എന്ന നിഷ സാരംഗ് ആണ് ആ നടി. ആയിരത്തിതൊള്ളായിരത്തി എഴുപതില്‍ ശാരംഗധരന്റേയും ശ്യാമളയുടെയും മകളായി ജനിച്ച നിഷ സാരംഗിന്റെ സിനിമയിലേക്കുള്ള വരവ് ചെറിയ കഥാപാത്രങ്ങള്‍ ചെയ്തുകൊണ്ടായിരുന്നു. അഗ്നിസാക്ഷി എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാല്‍ നായകനായി എത്തിയ രാവണപ്രഭുവിലും നടിയുടെ മുഖം പ്രേക്ഷകര്‍ കണ്ടു. രാവണപ്രഭുവിലും വളരെ ചെറിയൊരു കഥാപാത്രമാണ് നടിക്ക് ലഭിച്ചത്. സൂര്യ ടെലിവിഷനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന സിന്ദൂരകുരുവി എന്ന ടെലിവിഷന്‍ സീരിയലിലും നടി ആ സമയത്ത് അഭിനയിച്ചു. മോതിരം, മകള്‍, അനന്തം തുടങ്ങി ദൂരദര്‍ശന്‍ നിര്‍മ്മിച്ച നിരവധി ടെലിഫിലിമുകളിലും നടിയുടെ സാന്നിധ്യമുണ്ടായിരുന്നു. ജയറാം നായകനായി എത്തിയ എന്റെ വീട് അപ്പൂന്റേം സിനിമയിലെ ടീച്ചര്‍ കഥാപാത്രം, മമ്മൂട്ടി നായകനായി എത്തിയ കാഴ്ച സിനിമയിലെ ചന്ദ്രമണി ടീച്ചര്‍ തുടങ്ങിയ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു.

ചന്ദ്രോത്സവം സിനിമയില്‍ അബു സലീം അവതരിപ്പിച്ച വാസു എന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിലും നടി എത്തി. യെസ് യുവര്‍ ഓണര്‍, പോത്തന്‍വാവ, ഹൃദയത്തില്‍ സൂക്ഷിക്കാന്‍ തുടങ്ങിയ സിനിമകളിലും ചെറിയ വേഷങ്ങളില്‍ നടി തിളങ്ങി. വലിയ വിജയം നേടിയ ഛോട്ടാമുംബൈ സിനിമയില്‍ വില്ലന്‍ കഥാപാത്രമായി എത്തിയ കലാഭവന്‍ മണി അവതരിപ്പിച്ച നടേശന്റെ ഭാര്യ വേഷത്തിലും നടിയെ പ്രേക്ഷകര്‍ കണ്ടു. നഗരം, ഷേക്‌സ്പിയര്‍ എംഎ മലയാളം, അണ്ണന്‍ തമ്പി, പരുന്ത്, മൈ ബോസ്, ഒരു ഇന്ത്യന്‍ പ്രണയകഥ തുടങ്ങിയ സിനിമകളിലും നടി പിന്നീട് അഭിനയിച്ചു. സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് തന്നെ ടെലിവിഷന്‍ സീരിയലുകളിലൂടെ മിനിസ്‌ക്രീനിലും സാന്നിധ്യമായിരുന്നു നിഷ സാരംഗ്. രണ്ടായിരത്തി പതിനഞ്ചു മുതല്‍ ഫ്‌ളെവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ച ഉപ്പും മുളകും എന്ന സീരിയലിലൂടെയാണ് നിഷ സാരംഗ് ജനപ്രീതി നേടുന്നത്. സീരിയലിലെ നീലിമ എന്ന കഥാപാത്രം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി.

വലിയ വിജയം നേടിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ സിനിമയില്‍ നായിക കഥാപാത്രമായ അനശ്വര രാജന്‍ അവതരിപ്പിച്ച കീര്‍ത്തിയുടെ അമ്മയായി നടി മികച്ച പ്രകടനമാണ് കാഴ്ചവ്വെച്ചത്. ലോനപ്പന്റെ മാമോദീസ, കപ്പേള തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളായി നടി തിളങ്ങി. അടുത്ത സമയത്ത് ഇറങ്ങിയ ഉണ്ണിമുകുന്ദന്‍ സിനിമ മേപ്പടിയാനിലെ നിഷ സാരംഗ് അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്റ്റെല്ല എന്ന ആ കഥാപാത്രം നടി ഗംഭീരമാക്കുകയും ചെയ്തു. ഉപ്പും മുളകും ടീം വീണ്ടും ഒന്നിക്കുന്ന എരിവും പുളിയും എന്ന ടെലിവിഷന്‍ സീരിയലിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്. രേവതി, രേവിത തുടങ്ങിയവരാണ് മക്കള്‍. ഇപ്പോള്‍ നടി കുടുംബത്തോടൊപ്പം കാക്കനാട് ആണ് താമസം.

Share this story