സിനിമയില്‍ അഭിനയിക്കാനായി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടുവിട്ട പയ്യന്‍; അസുഖത്തെ പൊരുതി തോല്‍പ്പിച്ച നടന്‍: വില്ലന്‍ വേഷങ്ങളില്‍ തിളക്കം

Movie

നമ്മുടെ ബാല്യകാലത്തില്‍ ഭയം നിറച്ചിരുന്ന ഒരു പേരായിരുന്നു ഡ്രാക്കുള. പെട്ടെന്ന് ഈ പേര് കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഹോളിവുഡ് ചിത്രമായ ഡ്രാക്കുള ആണ് ഓര്‍മ്മ വരിക. എന്നാല്‍ 2013ല്‍ പുറത്തിറങ്ങിയ വിനയന്‍ സംവിധാനം ചെയ്ത ഡ്രാക്കുള എന്ന ചിത്രത്തിനു ശേഷം നമ്മുടെയൊക്കെ മനസ്സില്‍ ചിത്രത്തിലെ നായകന്റെ മുഖം ആയിരിക്കും എത്തുന്നത്. നീട്ടി വളര്‍ത്തിയ മുടിയും പുറത്തേക്കു നില്‍ക്കുന്ന കൊമ്പന്‍ പല്ലും കറുത്ത കോട്ടും ധരിച്ച് നമ്മുടെ മുന്നിലേക്ക് ആ നടന്‍ എത്തി. സുധീര്‍ സുകുമാരന്‍ എന്ന നടനാണ് നമുക്കെല്ലാം അറിയാവുന്ന ഡ്രാക്കുളയിലേക്ക് വേഷ പകര്‍ച്ച നടത്തിയ നടന്‍.

ഡ്രാക്കുള എന്നൊരു വേഷം ചെയ്തതോടെ ആ ചിത്രത്തിന്റെ പേരിലായിരുന്നു നടന്‍ അറിയപ്പെട്ടിരുന്നത്. സുധീര്‍ എന്ന പേരിനൊപ്പം ഡ്രാക്കുള എന്നും കൂടി ചേര്‍ത്തായിരുന്നു നടനെ എല്ലാവരും അറിഞ്ഞിരുന്നത്. 1996ല്‍ വിജി തമ്പി സംവിധാനം ചെയ്ത മാന്ത്രിക കുതിര എന്ന സിനിമയിലൂടെയാണ് സുധീര്‍ സുകുമാരന്‍ അഭിനയത്തിലേക്ക് തുടക്കം കുറിക്കുന്നത്. ഒരുപാട് സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ അഭിനയിച്ചതിനുശേഷം ആണ് നടന് ഡ്രാക്കുളയില്‍ അവസരം ലഭിക്കുന്നത്. ചിത്രത്തിനുവേണ്ടി കഠിന പരിശ്രമത്തിലൂടെ ഉറച്ച ശരീരത്തിലേക്ക് എത്താന്‍ നടന് സാധിച്ചു.

അതിനുവേണ്ടി നടന്‍ ബോഡി ബില്‍ഡിംഗും തുടങ്ങിയിരുന്നു. വര്‍ഷങ്ങള്‍ ഇത്രയും ആയിട്ടും ആ പേര് നടനെ വിട്ടു പോകാതെയായി. ഒരു നടന്‍ എന്ന നിലയില്‍ പ്രേക്ഷകര്‍ കൂടുതല്‍ തന്നെ അറിഞ്ഞു തുടങ്ങിയ സിനിമയാണ് ഡ്രാക്കുള. ആ വിശ്വപ്രസിദ്ധ കഥാപാത്രത്തിന്റെ പേര് ചേര്‍ത്തു വിളിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും നടന്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ചെറുപ്പം മുതലേ സുധീറിന് സിനിമയുടെ താല്‍പര്യം ഉണ്ടായിരുന്നു.

താന്‍ കുട്ടിയായിരുന്നപ്പോള്‍ നാട്ടില്‍ നടന്ന ഒരു സിനിമ ഷൂട്ടിംഗ് കാണാനായി പോയതും അവിടെ ഒരു മതിലില്‍ കയറി സ്ഥാനം പിടിച്ചിരുന്നപ്പോള്‍ നടന്‍ മോഹന്‍ലാല്‍ കണ്ട് അദ്ദേഹംഎടുത്ത് കസേരയില്‍ ഇരുത്തി ഷൂട്ടും കാണിച്ചതും ഒക്കെ എന്നും വിലപ്പെട്ട നിമിഷങ്ങളായി നടന്‍ മനസ്സില്‍ കൊണ്ടു നടക്കുന്നുണ്ട്. വളരെ കൗതുകകരമായ ഒരു കാര്യം എന്തെന്നാല്‍ അഭിനയ മോഹവുമായി ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ താന്‍ നാടുവിട്ടു എന്ന സാഹസവും ചെയ്തിട്ടുണ്ട്. പഠനം കഴിഞ്ഞു ദുബായിലേക്ക് എത്തിയ നടന്‍ വിവാഹശേഷം ഭാര്യയുടെ പ്രോത്സാഹനം കൊണ്ടാണ് വീണ്ടും സിനിമയിലേക്ക് വരുന്നത്.

ജോണി ആന്റണി സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായ സിഐഡി മൂസയിലാണ് അദ്ദേഹത്തിന് അവസരം ലഭിക്കുന്നത്. അതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടതോടെ മലയാളത്തില്‍ നിന്നും അന്യഭാഷകളില്‍ നിന്നും ഒക്കെ നിരവധി അവസരങ്ങളാണ് നടനെ തേടിയെത്തിയത്. കൊച്ചി രാജാവ്, കണിച്ചുകുളങ്ങര സിബിഐ,കന്യാകുമാരി എക്‌സ്പ്രസ്സ്, പോസിറ്റീവ്, വാണ്ടഡ്, ലയണ്‍, വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍, തോപ്പില്‍ ജോപ്പന്‍, മാമാങ്കം തുടങ്ങി നിരവധി സിനിമകള്‍ അഭിനയിച്ചു.

ഒരു വര്‍ഷം മുമ്പാണ് തനിക്ക് ആമാശയ കാന്‍സര്‍ ആണെന്ന് നടന്‍ തിരിച്ചറിയുന്നത്. കാന്‍സര്‍ താളം തെറ്റിച്ചു എന്നും താന്‍ അവിടെ പതറി പോയി എന്നും നടന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കാന്‍സര്‍ ബാധിച്ച് കുടലിന്റെ ഒരു ഭാഗം പിന്നീട് സര്‍ജറിയിലൂടെ മുറിച്ചുമാറ്റുകയായിരുന്നു. പക്ഷേ തളരാതെ തന്റെ പാഷന്‍നുവേണ്ടി നടന്‍ പൊരുതി. അസുഖത്തെ തോല്‍പ്പിച്ച നടന്‍ 2022ല്‍ കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്ത വിരുന്ന് എന്ന സിനിമയില്‍ അഭിനയിച്ചിരുന്നു.

Share this story