മലയാളത്തിന് ചിരി സമ്മാനിച്ച പ്രതിഭ; സംവിധായകൻ സിദ്ധിഖ് അന്തരിച്ചു

sidhique

സംവിധായകൻ സിദ്ധിഖ് അന്തരിച്ചു. 69 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മലയാളത്തിൽ കോമഡി ചിത്രങ്ങൾക്ക് പുതുമാനം സൃഷ്ടിച്ച സംവിധായകനായിരുന്നു. ഇന്നലെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. ഇതിന് പിന്നാലെ എക്‌മോ സപ്പോർട്ടിലായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്. 

കരൾ രോഗബാധിതനായിരുന്നു. ഇതിൽ നിന്ന് മുക്തനായി വരവെയാണ് ഹൃദയാഘാതം സംഭവിച്ചത്. സംവിധായകൻ ഫാസിലിന്റെ സഹായി ആയിട്ടാണ് സിദ്ധിഖ് സിനിമയിലേക്ക് പ്രവേശിച്ചത്. സിദ്ധിഖ്-ലാൽ കോംബോയിലൂടെ നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് മലയാളത്തിന് ലഭിച്ചത്. 

റാംജി റാവു സ്പീക്കിംഗ് ആണ് ആദ്യ ചിത്രം, ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ ചിത്രങ്ങൾ ലാലുമൊത്ത് സംവിധാനം ചെയ്തു. ഇതിന് പിന്നാലെ ഒറ്റയ്ക്ക് ഹിറ്റ്‌ലർ, ഫ്രണ്ട്‌സ്, ഫുക്രി, ബിഗ് ബ്രദർ തുടങ്ങിയ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
 

Share this story