ബിജെപിയിൽ ചേരുമെന്ന വാർത്തക്ക് പിന്നാലെ കന്നഡ നടൻ കിച്ച സുദീപിന് ഭീഷണിക്കത്ത്

sudeep

കന്നഡ നടൻ കിച്ച സുദീപിന് ഭീഷണിക്കത്ത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ ബിജെപിയിൽ ചേരുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഭീഷണിക്കത്ത്. സുദീപിന്റെ വീട്ടിലേക്കാണ് വധഭീഷണിയുമായി അജ്ഞാതൻ കത്തയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പൊലീസ് എഫ്‌ഐആർ റജിസ്റ്റർ ചെയ്തു.

കിച്ച സുദീപ് ഇന്ന് ബിജെപിയിൽ ചേരുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കിച്ച സുദീപിനൊപ്പം കന്നഡ സിനിമയിലെ മറ്റൊരു താരമായ ദർശൻ തുഗുദീപയും പാർട്ടിയിലേക്ക് എത്തുകയാണെന്നും ഇരുവരും വരുന്ന കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിയുടെ താരപ്രചാരകർ ആവുമെന്നും റിപ്പോർട്ടുകളുണ്ട്.

കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെയും മറ്റ് പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ ഇരുവരും ഇന്ന് അംഗത്വമെടുക്കുമെന്നാണ് റിപ്പോർട്ട്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് നീക്കം.
 

Share this story