തലൈവരുടെ 'ജയിലര്‍' ഒടിടിയിലേക്ക്? സ്ട്രീമിംഗ് ധാരണയായെന്ന് റിപ്പോർട്ട്

തിയേറ്ററുകളിൽ ആരവം തീർത്ത് നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് രജനികാന്ത് ചിത്രമായ ജയിലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസ് കളക്ഷൻ റെക്കോർഡുകളെല്ലാം തകർത്താണ് മുന്നേറുന്നത്. വിവിധ ഭാഷകളിലെ സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച ചിത്രം ഒരു മാസ് എൻറർടെയിനർ തന്നെയാണ്.
റിലീസ് ചെയ്ത് മൂന്നാം ദിനത്തിൽ തന്നെ 150 കോടി ക്ലബ്ബിലും അഞ്ചാം ദിനത്തിൽ 350 കോടി ക്ലബ്ബിലും ഇടംപിടിച്ചാണ് ജയിലർ കുതിപ്പ് തുടരുന്നു. ആരാധകർ കാത്തിരുന്ന പഴയ രജനി സ്റ്റൈൽ തന്നെയാണ് ചിത്രത്തിൻറെ ഹൈലൈറ്റ്. കൂടാതെ മലയാളത്തിൽ നിന്ന് മോഹൻലാലും കന്നഡയിൽ നിന്ന് ശിവരാജ് കുമാറും ചിത്രത്തിൽ കാമിയോ വേഷത്തിൽ എത്തി തിയേറ്ററുകളിൽ തീപടർത്തുന്നുണ്ട്. വിനായകനാണ് രജനികാന്തിൻറെ വില്ലനായി എത്തുന്നത്. ചിത്രത്തിൻറെ ആദ്യാവസാനം വിനായകൻ തൻറെ നർമ്മം കലർന്ന വില്ലനിസം അതിമാരകമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
തിയേറ്ററുകളിൽ നിറഞ്ഞോടുന്നതിനിടയിൽ ജയിലർ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. 500 കോടി ക്ലബ്ബിലേയ്ക്ക് കുതിക്കുന്ന ചിത്രം ഏകദേശം ഒരു മാസത്തിന് ശേഷം ഒടിടിയിലെത്തും. ഓഗസ്റ്റ് 10നാണ് ജയിലർ തിയേറ്ററുകളിൽ എത്തിയത്. സെപ്റ്റംബർ 7ന് ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്യുമെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സൺപിക്ചേഴ്സുമായി സഹകരിക്കുന്ന നെറ്റ്ഫ്ലിക്സിലാകും ജയിലർ സ്ട്രീം ചെയ്യുക. തിയേറ്റർ റിലീസ് ചെയ്യുന്ന തമിഴ് ചിത്രങ്ങൾ 28 ദിവസത്തിന് ശേഷമാണ് ഒടിടിയിൽ എത്തുക.