ചിരിയുടെ പുതിയ തരംഗത്തിന് തുടക്കമിട്ട കൂട്ടുകെട്ട്; ലാലിനെ കൂടാതെ സിദ്ധിഖ് ഒടുവിൽ യാത്രയായി

sidhique

മലയാള സിനിമയിൽ ചിരിയുടെ പുതിയൊരു തരംഗത്തിന് തുടക്കമിട്ട സംവിധായകനായിരുന്നു സിദ്ധിഖ്. ലാലുമൊത്തുള്ള കൂട്ടുകെട്ടിൽ പിറന്നത് എക്കാലത്തെയും മികച്ച ഹിറ്റുകളാണ്. അന്നുവരെ കണ്ടുപരിചയിച്ചതിൽ നിന്നും വ്യത്യസ്തമായിരുന്നു സിദ്ധിഖ് ലാൽ ചിത്രങ്ങളെല്ലാം. മലയാളികളെ കുടുകുടെ ചിരിപ്പിച്ച സംവിധയാകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങുകയാണ്

മിമിക്രിയിൽ നിന്നാണ് സിദ്ധിഖും ലാലും സിനിമയിലേക്ക് എത്തുന്നത്. സംവിധായകൻ ഫാസിലിന്റെ സഹായികളായി സിനിമാ രംഗത്തേക്ക് എത്തി. പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമക്ക് തിരക്കഥ രചിച്ചാണ് സിനിമാ മേഖലയിൽ സ്വന്തമായ ഇരിപ്പടം സിദ്ധിഖും ലാലും സൃഷ്ടിക്കുന്നത്. പിന്നീട് വർഷങ്ങളുടെ ഇടവേളക്ക് ശേഷം സ്വതന്ത്ര സംവിധായകരായി. ആദ്യ ചിത്രം റാംജി റാവു സ്പീക്കിംഗ്. ചിത്രം സൂപ്പർ ഡ്യൂപ്പർ ഹിറ്റ്

ഇൻ ഹരിഹർ നഗർ, ഗോഡ്ഫാദർ, വിയറ്റ്‌നാം കോളനി, കാബുളിവാല തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇരുവരും മലയാള സിനിമയിലേക്ക് ചിരിയുടെ മാലപ്പടക്കം തന്നെ കൊളുത്തിവിട്ടു. ലാലുമായുള്ള സംവിധാന കൂട്ടുകെട്ട് പിരിഞ്ഞതിന് ശേഷമാണ് സിദ്ധിഖ് സ്വന്തമായി ഹിറ്റ്‌ലറും ഫ്രണ്ട്‌സും ക്രോണിക് ബാച്ചിലറും ബോഡി ഗാർഡുമൊക്കെ സംവിധായനം ചെയ്യുന്നത്. ഇതെല്ലാം തന്നെ സൂപ്പർ ഹിറ്റുകളായി. ഹിന്ദിയിൽ സൽമാൻ ഖാനെ നായകനാക്കി സംവിധാനം ചെയ്ത ബോഡി ഗാർഡ് നൂറുകോടിക്ക് മുകളിലാണ് നേടിയത്.

ഇന്ന് രാത്രിയോടെയാണ് സിദ്ധിഖ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹത്തെ ഇന്നലെയാണ് കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരൾ രോഗബാധിതനായിരുന്നു. ഇതിൽ നിന്ന് മുക്തനായി വരവെയാണ് അപ്രതീക്ഷിതമായി ഹൃദയാഘാതം സംഭവിക്കുന്നത്. ഇന്നലെ മുതൽ തന്നെ അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായിരുന്നു.
 

Share this story