വിജയ്‍യുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി 'വാരിസ്

Vijay

വംശി പൈടിപ്പള്ളി സംവിധാനം ചെയ്ത് ദളപതി വിജയ്  നായകനായി എത്തിയ ചിത്രമാണ് 'വാരിസ്'. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ വാരിസ് ബോക്സ് ഓഫീസിൽ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. തല അജിത് കുമാര്‍ നായകനായ 'തുനിവ്' എന്ന ചിത്രത്തിനൊപ്പമാണ് വാരിസും റിലീസ് ചെയ്തത്.  

ഇപ്പോള്‍ ഇതാ വിജയ് ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത എത്തിയിരിക്കുകയാണ്. വിജയ്യുടെ കരിയറിലെ ഏറ്റവും വലിയ വിജയമായി വാരിസ് മാറിക്കഴിഞ്ഞു. അടുത്തിടെ ചിത്രം 300 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ചിത്രത്തിൻ്റെ ഇതുവരെയുള്ള ആകെ നേട്ടം 310 കോടിയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 305 കോടി നേടിയ ബിഗിൽ എന്ന ചിത്രത്തെ മറികടന്നാണ് വാരിസ് കുതിപ്പ് തുടരുന്നത്.  

നീണ്ട ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു അജിത്തിന്റെയും വിജയ്യുടെയും ചിത്രങ്ങള്‍ ഒരേ ദിവസം തിയേറ്ററുകളിലെത്തിയത്. തമിഴ്നാട്ടില്‍ പൊങ്കല്‍ റിലീസായാണ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ എത്തിയത്. കേരളത്തില്‍ വാരിസ് 400 സ്‌ക്രീനുകളിലും തുനിവ് 250 സ്‌ക്രീനുകളിലുമാണ് റിലീസ് ചെയ്തത്. 

ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കാര്‍ത്തിക് പളനി ഛായാഗ്രഹണവും പ്രവീണ്‍ കെ.എല്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മ്മിച്ചത്.

Share this story