11 മണിക്കൂർ നീണ്ട ചോദ്യം ചെയ്യൽ; സഹകരിക്കാതെ ചന്ദ്രബാബു നായിഡു

371 കോടിയുടെ അഴിമതി കേസിൽ അറസ്റ്റിലായ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ചോദ്യം ചെയ്യൽ അവസാനിച്ചു. 11 മണിക്കൂർ നേരമാണ് സിഐഡി വിഭാഗം നായിഡുവിനെ ചോദ്യം ചെയ്തത്. പത്ത് ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലി നൽകിയെങ്കിലും നായിഡു ചോദ്യം ചെയ്യലുമായി സഹകരിച്ചില്ലെന്ന് സിഐഡി ഉദ്യോഗസ്ഥർ അറിയിച്ചു.
പിഎ പെൻഡല ശ്രീനിവാസും ഷെൻ കമ്പനി പ്രതിനിധികൾ എന്ന് സംശയിക്കപ്പെടുന്നവരുമായുള്ള വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങൾ തേടി. ഫിനാൻസ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഫയൽ കുറിപ്പിനെ കുറിച്ചും ചോദിച്ചു. എന്നാൽ ചോദ്യങ്ങൾക്ക് ഇല്ല, അറിയില്ല, ഓർമയില്ല എന്നതുമാത്രമായിരുന്നു നായിഡുവിന്റെ മറുപടി.
നായിഡുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇതിന് മുമ്പായി വിജയവാഡ സർക്കാർ ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് ഹാജരാക്കി. ഇന്നലെയാണ് നായിഡുവിനെ അഴിമതിക്കേസിൽ അറസ്റ്റ് ചെയ്തത്.