മോദിക്ക് കത്ത്: അടൂർ ഗോപാലകൃഷ്ണനും മണിരത്നവുമടക്കമുള്ള 49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി പൊലീസ്

മോദിക്ക് കത്ത്: അടൂർ ഗോപാലകൃഷ്ണനും മണിരത്നവുമടക്കമുള്ള 49 പ്രമുഖർക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കി പൊലീസ്

ആൾക്കൂട്ട കൊലപാതകങ്ങൾ വർധിക്കുന്നതിൽ ആശങ്കയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തുറന്ന കത്തെഴുതിയ 49 പ്രമുഖർക്കെതിരെ രാജ്യദ്രോഹക്കുറ്റം ഉൾപ്പെടെ ചുമത്തി കേസെടുത്തതു റദ്ദാക്കി ബിഹാർ പൊലീസ്. പരാതി വ്യാജമെന്നു തെളിഞ്ഞതായും കേസ് റദ്ദാക്കാൻ സദർ പൊലീസ് സ്റ്റേഷനു നിർദേശം നൽകിയതായും മുസാഫർപുർ എസ്എസ്പി മനോജ് കുമാർ സിൻഹ പറഞ്ഞു. കേസെടുത്തതിന് എതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു.

ഇവർക്കെതിരെ നൽകിയ പരാതിയിൽ ആരോപിക്കുന്നത് പ്രകാരം വസ്തുതയോ കുറ്റമോ ഇല്ലാത്തത് കൊണ്ടാണ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു. കോടതി ഉത്തരവ് പ്രകാരം കഴിഞ്ഞയാഴ്ചയാണ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

ജയ് ശ്രീറാം ഇപ്പോൾ പോർവിളി ആയി മാറിയിട്ടുണ്ടെന്നും മുസ്ലികൾക്കും ദളിതുകൾക്കുമെതിരെ തുടർച്ചയായി ഉണ്ടാകുന്ന ആൾക്കൂട്ട ആക്രമണത്തിൽ ആശങ്കയുണ്ടെന്നും കാണിച്ച് ജൂലായിലാണ് 50 ഓളം സാഹിത്യ-ചലച്ചിത്ര പൊതുരംഗത്തെ പ്രമുഖർ പ്രധാനമന്ത്രിക്ക് കത്തയച്ചത്. ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവർക്കെതിരെ ‘നിങ്ങൾ എന്തു നടപടിയെടുത്തെന്ന ചോദ്യം കത്തിൽ ഉന്നയിച്ചിരുന്നു.

പ്രാദേശിക അഭിഭാഷകനായ സുധീർ കുമാർ ഓജയാണ് പരാതി നൽകിയത്. അഭിഭാഷകനായ സുധീർ കുമാർ ഓജ സമർപ്പിച്ച പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് ഇവർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. ഗവേഷകനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, അടൂർ ഗോപാലകൃഷ്ണൻ, ചലച്ചിത്ര പ്രവർത്തകരായ രേവതി, അപർണാ സെൻ തുടങ്ങിയവർക്കെതിരെയാണ് എഫ്.ഐ.ആർ ഉണ്ടായിരുന്നത്.

Share this story