അതിർത്തിയിലെ സംഘർഷം: സ്ഥിതിഗതികൾ നിരീക്ഷിച്ച് പ്രതിരോധ മന്ത്രി; കരസേനാ മേധാവിയുമായി ചർച്ച നടത്തി

അതിർത്തിയിലെ സംഘർഷം: സ്ഥിതിഗതികൾ നിരീക്ഷിച്ച് പ്രതിരോധ മന്ത്രി; കരസേനാ മേധാവിയുമായി ചർച്ച നടത്തി

പാക്കിസ്ഥാന്റെ വെടിനിർത്തൽ കരാർ ലംഘനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയ സാഹചര്യത്തിൽ അതിർത്തിയിൽ സംഘർഷം രൂക്ഷമാകുന്നു. സാഹചര്യങ്ങൾ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് നിരീക്ഷിക്കുകയാണ്. ആർട്ടിലറി ഗണ്ണുകൾ ഉപയോഗിച്ച് പാക് അധീനകാശ്മീരിലെ തീവ്രവാദ ക്യാമ്പുകളിലേക്ക് ഇന്ത്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ അഞ്ച് പാക് സൈനികരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരസേനാ വൃത്തങ്ങൾ പറയുന്നത്.

രാവിലെ പാക് സൈനികർ നടത്തിയ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ ജവാൻമാരും ഒരു നാട്ടുകാരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യ ശക്തമായി തിരിച്ചടിച്ചത്. ഇന്ത്യൻ വെടിവെപ്പിൽ ഒരു സൈനികനും മൂന്ന് നാട്ടുകാരും മരിച്ചതായാണ് പാക്കിസ്ഥാൻ ആദ്യം പറഞ്ഞത്. എന്നാൽ ആറ് നാട്ടുകാർ മരിച്ചതായി പിന്നീട് തിരുത്തുകയായിരുന്നു.

സ്ഥിതിഗതികൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ കരസേനാ മേധാവി ബിപിൻ റാവത്തുമായി രാജ്‌നാഥ് സിംഗ് ചർച്ച നടത്തി. പാക്കിസ്ഥാന്റെ ഭാഗത്ത് നിന്ന് എന്ത് പ്രകോപനമാണുണ്ടായതെന്ന് കരസേനാ മേധാവിയിൽ നിന്ന് രാജ്‌നാഥ് സിംഗ് റിപ്പോർട്ട് തേടി.

പാക് അധീനകാശ്മീരിലെ നീലം താഴ് വരയിലെ നാല് തീവ്രവാദ ക്യാമ്പുകളാണ് ഇന്ത്യൻ സൈന്യം തകർത്തത്. ഇന്ത്യയിലേക്ക് തീവ്രവാദികളെ നുഴഞ്ഞുകയറാൻ സഹായിക്കുന്ന ക്യാമ്പുകളിലേക്കാണ് ആക്രമണം നടത്തിയതെന്ന് കരസേന അറിയിച്ചു.

 

Share this story