നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പായേക്കുമെന്ന് സൂചന; ദയാഹർജി നൽകാതെ പ്രതികൾ

നിർഭയ കേസ് പ്രതികളുടെ വധശിക്ഷ ഉടൻ നടപ്പായേക്കുമെന്ന് സൂചന; ദയാഹർജി നൽകാതെ പ്രതികൾ

രാജ്യത്ത് കോളിളക്കമുണ്ടാക്കിയ നിർഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളികളുടെ വധശിക്ഷ ഉടൻ നടപ്പായേക്കുമെന്ന് സൂചന. ഏഴ് ദിവസത്തിനുള്ളിൽ രാഷ്ട്രപതിക്ക് ദയാ ഹർജി നൽകിയില്ലെങ്കിൽ വധശിക്ഷ നടപ്പാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു

നാല് പേർക്കാണ് കേസിൽ വധശിക്ഷ ലഭിച്ചത്. ഇതിൽ മൂന്ന് പേർ തീഹാർ ജയിലിലും ഒരാൾ മണ്ടോളി ജയിലിലുമാണ്. കേസിലെ ഒരു പ്രതിയായ രാംസിംഗ് വിചാരണക്കാലത്ത് തന്നെ ആത്മഹത്യ ചെയ്തിരുന്നു.

വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും നൽകിയ അപ്പീലുകൾ നേരത്തെ തള്ളിയിരുന്നു. റിവ്യു പെറ്റീഷൻ നൽകാനും പ്രതികൾ തയ്യാറായിട്ടില്ല. വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്ന് രാഷ്ട്രപതിക്ക് മുമ്പിൽ ദയാഹർജി നൽകുക മാത്രമാണ് ഇനിയുള്ള മാർഗം.

ഏഴ് ദിവസത്തിനുള്ളിൽ ദയാഹർജി നൽകിയില്ലെങ്കിൽ വധശിക്ഷാ വാറണ്ട് പുറപ്പെടുവിക്കാൻ വിചാരണക്കോടതിയോട് ജയിൽ അധികൃതർ ആവശ്യപ്പെടും. രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശർമ, പവൻ ഗുപ്ത, അക്ഷയ് താക്കൂർ, പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരായിരുന്നു കേസിലെ പ്രതികൾ. 2012 ഡിസംബർ 16നാണ് പെൺകുട്ടി രാജ്യതലസ്ഥാനത്ത് വെച്ച് ഓടുന്ന ബസിലിട്ട് ക്രൂരമായി പീഡിപ്പിക്കപ്പെടുന്നത്. ഡിസംബർ 29ന് ചികിത്സക്കിടെ കുട്ടി മരിച്ചു

 

Share this story