എൻസിപിയും കോൺഗ്രസുമായി ചേർന്ന് സർക്കാരുണ്ടാക്കും; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന

എൻസിപിയും കോൺഗ്രസുമായി ചേർന്ന് സർക്കാരുണ്ടാക്കും; ബിജെപിക്ക് മുന്നറിയിപ്പുമായി ശിവസേന

മഹാരാഷ്ട്രയിൽ നിലപാട് കൂടുതൽ കടുപ്പിച്ച് ശിവസേന. മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ ബിജെപി തയ്യാറായില്ലെങ്കിൽ കോൺഗ്രസും എൻ സി പിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കുന്നത് ആലോചിക്കുമെന്ന് ശിവസേന മുന്നറിയിപ്പ് നൽകി. മുഖപത്രമായ സാമ്‌നയിൽ എഴുതിയ ലേഖനത്തിലാണ് ശിവസേന മുന്നറിയിപ്പ് നൽകിയത്.

മുഖ്യമന്ത്രി സ്ഥാനം പങ്കിടാൻ തയ്യാറല്ലെന്ന് ബിജെപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതോടെ മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായി. നവംബർ 8നാണ് നിലവിലെ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നത്. ഇതിന് മുമ്പായി പുതിയ സർക്കാർ രൂപീകരിച്ചില്ലെങ്കിൽ കൂടുതൽ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലേക്ക് സംസ്ഥാനം നീങ്ങും

ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ അടുത്ത അഞ്ച് വർഷവും മുഖ്യമന്ത്രിയായി തുടരണമെന്നാണ് ബിജെപിയുടെ ആഗ്രഹം. എന്നാൽ ഉദ്ദവ് താക്കറെയുടെ മകൻ ആദിത്യയെ രണ്ടര വർഷമെങ്കിലും മുഖ്യമന്ത്രിയാക്കണമെന്നതാണ് ശിവസേനയുടെ ആവശ്യം. ഇത് പ്രഖ്യാപിച്ചു കൊണ്ട് തന്നെയാണ് ശിവസേന ആദിത്യയെ തെരഞ്ഞെടുപ്പിൽ നിർത്തി മത്സരിപ്പിച്ച് ജയിപ്പിച്ചത്.

ശിവസേനക്ക് 56 എംഎൽഎമാരുണ്ട്. രണ്ടാമത്തെ ഏറ്റവും വലിയ പാർട്ടിയെന്ന നിലയിൽ ശിവസേനക്ക് സർക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിക്കാം. എൻ സി പിയും കോൺഗ്രസും പിന്തുണച്ചാൽ 170 അംഗങ്ങളുടെ പിന്തുണ ശിവസേനക്ക് ലഭിക്കും.

Share this story