നെഹ്‌റു കുടുംബത്തിലെ മൂന്ന് പേരുടെയും എസ് പി ജി സുരക്ഷ വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ നീക്കം

നെഹ്‌റു കുടുംബത്തിലെ മൂന്ന് പേരുടെയും എസ് പി ജി സുരക്ഷ വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ നീക്കം

നെഹ്‌റു കുടുംബത്തിൽപ്പെട്ട മൂന്ന് പേരുടെയും സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് സുരക്ഷ വെട്ടിച്ചുരുക്കാൻ കേന്ദ്രസർക്കാർ നീക്കം. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരുടെ സുരക്ഷകളാണ് കേന്ദ്രം പിൻവലിക്കുന്നത്.

എസ് പി ജി സുരക്ഷക്ക് പകരം പരിശീലനം ലഭിച്ച സിആർപിഎഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയാകും നൽകുക. മൂന്ന് പേരുടെയും ജീവന് നിലവിൽ ഭീഷണിയില്ലെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

മൂന്ന് പേരുടെയും ഇസഡ് പ്ലസ് സുരക്ഷാ കാറ്റഗറി തുടരും. നേരത്തെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സുരക്ഷയും കേന്ദ്രസർക്കാർ വെട്ടിച്ചുരുക്കിയിരുന്നു. എസ് പി ജി സുരക്ഷയിൽ നിന്ന് ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മൻമോഹൻ സിംഗിന് നൽകിയത്.

രാജ്യത്ത് നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുറമെ സോണിയ, രാഹുൽ, പ്രിയങ്ക എന്നിവർക്കാണ് എസ് പി ജി സുരക്ഷയുള്ളത്. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1985ൽ എസ് പി ജി രൂപീകരിക്കുന്നത്

 

Share this story