‘വിധി ആരുടെയും പരാജയമല്ല, രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം’; പ്രധാനമന്ത്രി

‘വിധി ആരുടെയും പരാജയമല്ല, രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം’; പ്രധാനമന്ത്രി

അയോധ്യ കേസില്‍ സുപ്രീംകോടതി ഇന്ന് വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യ വിധി വിധി ആരുടെയും പരാജയമല്ല, രാജ്യത്തിന്റെ ഐക്യമാണ് പ്രധാനം. രാജ്യ നന്മയ്ക്ക് കരുത്തുപകരുന്നതാകും വിധിയെന്ന് പ്രതീക്ഷിക്കമെന്ന് അദ്ദേഹം പറഞ്ഞു. വിധി രാജ്യത്തിന്റെ ഐക്യവും ഒരുമയും നിലനിര്‍ത്തുന്നതാണെന്നും നരേന്ദ്ര മോദി അറിയിച്ചു.വിധി എന്തുതന്നെയായാലും സൗഹാര്‍ദം കാത്തുസൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിചേര്‍ത്തു.

അയോധ്യ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രാവിലെ പത്തരയോടെയാണ് വിധി പറയുക. അയോധ്യയിലെ 2.77 ഏക്കര്‍ വരുന്ന തര്‍ക്കഭൂമി മൂന്നായി വിഭജിക്കാനുള്ള അലഹാബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജികളിലാണ് ഭരണഘടന ബെഞ്ച് വിധി പറയുന്നത്.

അവധി ദിവസമായ ഇന്ന് പ്രത്യേക സിറ്റിംഗ് വിളിച്ചുചേര്‍ത്താണ് കേസില്‍ വിധി പറയുന്നത്. ആറ് നൂറ്റാണ്ട് പഴക്കമുള്ള തര്‍ക്കത്തിനും നിയമപോരാട്ടത്തിനും തീര്‍പ്പ് കല്‍പ്പിക്കാന്‍ പോവുകയാണ് ഇന്ന് സുപ്രീംകോടതി ഭരണഘടന ബെഞ്ച്.വെള്ളിയാഴ്ച രാത്രി ഒമ്പതുമണി കഴിഞ്ഞാണ് വിധി സംബന്ധിച്ച അറിയിപ്പ് സുപ്രീംകോടതി രജിസ്ട്രിയുടെ ഭാഗത്തുനിന്ന് വന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പ്രസ്താവിക്കുക.

Share this story