അയോധ്യ വിധി: സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു, അയോധ്യയില്‍ നാലായിരം കേന്ദ്രസേനാംഗങ്ങള്‍

അയോധ്യ വിധി: സുപ്രീം കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു, അയോധ്യയില്‍ നാലായിരം കേന്ദ്രസേനാംഗങ്ങള്‍

അയോധ്യ വിധി ഇന്ന് പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ സുരക്ഷ ശക്തമാക്കി. സുപ്രധാന വിധി വരുന്നതിന് മുന്നോടിയായി എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യത പൂര്‍ണ്ണമായും ഒഴിവാക്കാന്‍ മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ കോടതിയിലേക്കുള്ള റോഡുകള്‍ അടച്ചു.

രാജ്യമൊട്ടാകെ കനത്ത സുരക്ഷയാണ് വിധിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിട്ടുള്ളത്. തര്‍ക്ക ഭൂമിയില്‍ മാത്രം 4000 സുരക്ഷാ ഭടന്‍മാരെ നിയോഗിച്ചിട്ടുണ്ട്. തൊണ്ണൂറിലേറെ കമ്പനി സുരക്ഷാസൈനികരെയാണ് ഇതുവരെ നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്. ഇവരെ പാര്‍പ്പിക്കാനായി ഇരുനൂറോളം സ്‌കൂളുകള്‍ ഒഴിപ്പിച്ചിട്ടുണ്ട്.

അയോധ്യയിലും സമീപ ജില്ലയായ അംബേദ്കര്‍ നഗറിലുമായി 20 താത്കാലിക ജയിലും തുറന്നു. 18 കോളേജുകളും രണ്ട് സര്‍ക്കാര്‍ കെട്ടിടങ്ങളുമാണ് ജയിലാക്കി മാറ്റിയിരിക്കുന്നത്.ലഖ്നൗവിലും അയോധ്യയിലും രണ്ട് ഹെലികോപ്റ്ററുകളും ലഖ്‌നൗവില്‍ ഒരു വിമാനവും സജ്ജമാക്കി നിര്‍ത്തും. അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കുന്നതിനാണിത്.

തര്‍ക്കഭൂമിക്ക് ഒന്നര കിലോമീറ്റര്‍ മുന്‍പ് മുതല്‍ ആര്‍ക്കും പ്രവേശനമില്ല. ഇതോടൊപ്പം ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. പ്രശ്‌നസാധ്യതകള്‍ മുന്നില്‍ കണ്ട് വേണ്ടി വന്നാല്‍ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കുമെന്നും ഉത്തര്‍പ്രദേശ് ഡിജിപി ഒ പി സിംഗ് വ്യക്തമാക്കി. ജനങ്ങള്‍ ശാന്തരായി ഇരിക്കണമെന്ന മുഖ്യമന്ത്രി ആദിത്യനാഥും ആഹ്വാനം ചെയ്തു.

Share this story