1528ൽ ബാബറി മസ്ജിദ് നിർമാണം, 2019ൽ സുപ്രീം കോടതിയുടെ ചരിത്രവിധി: അയോധ്യയിലെ അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രം ഇങ്ങനെ

1528ൽ ബാബറി മസ്ജിദ് നിർമാണം, 2019ൽ സുപ്രീം കോടതിയുടെ ചരിത്രവിധി: അയോധ്യയിലെ അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രം ഇങ്ങനെ

പതിറ്റാണ്ടുകൾ നീണ്ട വലിയൊരു തർക്കത്തിനാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് ശനിയാഴ്ച തീർപ്പ് കൽപ്പിച്ചത്. തർക്കഭൂമിയിൽ ക്ഷേത്രം നിർമിക്കാമെന്നതായിരുന്നു വിധി. സുന്നി വഖഫ് ബോർഡിന് പള്ളി പണിയാൻ നഗരത്തിൽ തന്നെ കണ്ണായ സ്ഥലത്ത് അഞ്ചേക്കർ സ്ഥലം നൽകണം. തർക്കഭൂമിയുടെ അവകാശവാദമുന്നയിച്ച ഷിയാ വഖഫ് ബോർഡിന്റെ ഹർജി കോടതി തള്ളി. ബാബറി മസ്ജിദ് തകർത്തത് ഹീനമായ കുറ്റമാണെന്നും കോടതി കണ്ടെത്തി. ചരിത്രവിധി വരുമ്പോൾ അഞ്ച് പതിറ്റാണ്ടുകൾ നീണ്ട അയോധ്യ തർക്കത്തിന്റെ ചരിത്രവഴികൾ ഇങ്ങനെയാണ്

1528രാണ് ബാബറി മസ്ജിദ് നിർമിച്ചതെന്ന് കരുതപ്പെടുന്നത്. ആദ്യ മുഗൾ ചക്രവർത്തിയായ ബാബർ നിർമിച്ച പള്ളിയെന്നതാണ് പിന്നീട് ബാബറി മസ്ജിദ് എന്ന് അറിയപ്പെടാൻ തുടങ്ങിയത്.

1853ലാണ് മേഖലയിൽ ആദ്യ സംഘർഷം ആരംഭിക്കുന്നത്. ശ്രീരാമന്റെ ജന്മസ്ഥലമെന്ന് പരിഗണിക്കുന്ന പ്രദേശമാണ് അയോധ്യ. രാമന്റെ ജന്മസ്ഥലത്താണ് മസ്ജിദ് നിൽക്കുന്നതെന്നും ക്ഷേത്രം മസ്ജിദായി പരിവർത്തനം ചെയ്യപ്പെടുകയായിരുന്നുമെന്നുമുള്ള വാദം ഇക്കാലത്താണ് ഉയരുന്നത്. തുടർന്ന് സംഘർഷത്തിലേക്ക് വഴിമാറുന്നു. അന്ന് ബ്രിട്ടന്റെ അധീനതയിലായിരുന്നു ഇന്ത്യ.

1528ൽ ബാബറി മസ്ജിദ് നിർമാണം, 2019ൽ സുപ്രീം കോടതിയുടെ ചരിത്രവിധി: അയോധ്യയിലെ അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രം ഇങ്ങനെ

1859ൽ ബ്രിട്ടീഷ് സർക്കാർ പള്ളിക്ക് ചുറ്റം സംരക്ഷണ മതിൽ നിർമിക്കുന്നു. പള്ളിക്ക് അകത്ത് മുസ്ലീങ്ങൾക്കും പുറത്ത് ഹിന്ദുക്കൾക്കും പ്രാർഥനക്കായി വിട്ടുനൽകി. മതസംഘർഷം ഒഴിവാക്കുകയായിരുന്നു ലക്ഷ്യം.

1885ൽ ക്ഷേത്രം പണിയാൻ സ്ഥലം നൽകണമെന്ന് ആവശ്യപ്പെട്ട് രഘുബീർ ദാസ് എന്ന പുരോഹിതൻ കോടതിയെ സമീപിക്കുന്നു. എന്നാൽ ഫൈസാബാദ് ജില്ലാ കോടതി ഇയാളുടെ ഹർജി തള്ളി

1949-1950 കാലത്താണ് പള്ളി വളപ്പിൽ ശ്രീരാമ വിഗ്രഹം സ്ഥാപിക്കുന്നത്. ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന കെ കെ നായർ ബാബറി മസ്ജിദ് വളപ്പ് ഏറ്റെടുത്ത് നഗരസഭയുടെ നിയന്ത്രണത്തിലാക്കുന്നു. മലയാളി കൂടിയായ കെ കെ നായരുടെ ഇടപെടലാണ് പിന്നീട് വലിയൊരു സംഘർഷത്തിലേക്ക് മേഖലയെ നയിച്ചതും. റീസീവർ ഭരണത്തിലായ സ്ഥലം വിട്ടുകിട്ടാൻ ആവശ്യപ്പെട്ട് ഗോപാൽ സിംഗ് വിശാദരും പരമഹംസ രാമചന്ദ്രദാസും കോടതിയെ സമീപിച്ചു

1959ൽ നിർമോഹി അഖാഡയും 1961ൽ യു പി സുന്നി സെൻട്രൽ വഖഫ് ബോർഡും സ്ഥലം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു.

1986ൽ സ്ഥലം ഹിന്ദുക്കൾക്ക് ആരാധനക്ക് വിട്ടുനൽകാൻ കോടതിയുടെ നിർദേശം വരുന്നു. ഇതിന് പിന്നാലെ ബാബറി മസ്ജിദ് ആക്ഷൻ കമ്മിറ്റി രൂപീകരിക്കുന്നു. മേഖല വീണ്ടും സംഘർഷത്തിലേക്ക്. 1989ൽ ബിജെപി രാഷ്ട്രീയമായി വിഷയത്തെ ഏറ്റെടുത്തു. രാമക്ഷേത്ര നിർമാണമാണ് തങ്ങളുടെ മുഖ്യ അജൻഡയെന്ന് അവർ പ്രഖ്യാപിക്കുന്നു.

1989 ആഗസ്റ്റ് 14ൽ അലഹബാദ് ഹൈക്കോടതിയുടെ സുപ്രധാന വിധി വരുന്നു. മസ്ജിദിന്റെ തൽസ്ഥിതി നിലനിർത്തണമെന്നതായിരുന്നു വിധി. മറുവശത്ത് ക്ഷേത്ര നിർമാണത്തിനുള്ള ഒരുക്കങ്ങൾ ആർ എസ് എസും ഹിന്ദു സംഘടനകളും സജീവമാക്കുന്നു. ഒക്ടോബർ 27ന് ക്ഷേത്ര നിർമാണത്തിനുള്ള ശിലാപൂജ തടയണമെന്ന ഹർജി സുപ്രീം കോടതിയും തള്ളുന്നു. നവംബർ 10ന് ശിലാപൂജ നടക്കുന്നു

1990ൽ എൽ കെ അദ്വാനി രഥയാത്ര ആരംഭിക്കുന്നു. അയോധ്യക്ഷേത്ര നിർമാണത്തിന് പിന്തുണ തേടിയെന്ന പേരിലാണ് രഥയാത്ര സംഘടിപ്പിച്ചത്. മതേതര ഇന്ത്യയിൽ വീണ്ടും മതകലാപങ്ങൾക്ക് തുടക്കമാകുന്നു. ഓരോ രാഷ്ട്രീയപാർട്ടികളും സമുദായ സംഘടനകളും സ്വലാഭത്തിനായി വിഷയത്തെ തരാതരം ഉപയോഗിക്കാൻ തുടങ്ങുന്നു. 1990 ഒക്ടോബറിൽ യുപി സർക്കാർ മസ്ജിദ് നിലനിൽക്കുന്ന 2.77 ഏക്കർ സ്ഥലം ഏറ്റെടുത്തു.

1528ൽ ബാബറി മസ്ജിദ് നിർമാണം, 2019ൽ സുപ്രീം കോടതിയുടെ ചരിത്രവിധി: അയോധ്യയിലെ അഞ്ച് നൂറ്റാണ്ടിന്റെ ചരിത്രം ഇങ്ങനെ

1992 ഡിസംബർ 6ന് ഇന്ത്യയുടെ ഹൃദയത്തിൽ മുറിവേൽക്കുന്നു. ആർ എസ് എസും കർസേവകരും ബിജെപി പ്രവർത്തകരും ചേർന്ന് ബാബറി മസ്ജിദ് തകർക്കുന്നു. പലയിടങ്ങളിലും കലാപം. ലോകത്തിന് മുന്നിൽ ഇന്ത്യ നാണം കെട്ട ദിവസമായി ഡിസംബർ 6 മാറുന്നു

1993 അയോധ്യയിലെ തർക്കഭൂമി അടക്കമുള്ള 67.7 ഏക്കർ ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ ഓർഡിനൻസ്. 1994 ഒക്ടോബർ 24ന് ഈ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

2010 സെപ്റ്റംബർ 30ന് അലഹബാദ് ഹൈക്കോടതിയുടെ അയോധ്യക്കേസിലെ വിധി വരുന്നു. തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിക്കാനാണ് കോടതി വിധിച്ചത്. താത്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ളതുമായ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കാൻ വിധിയിൽ പരാമർശം. ഈ വിധി 2011 മെയ് 9ന് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. 2017 അയോധ്യക്കേസ് മധ്യസ്ഥതയിലുള്ള പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം

2019 ജനുവരി 8 അയോധ്യക്കേസ് കേൾക്കാൻ സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബഞ്ച് രൂപീകരിക്കുന്നു. ഓഗസ്റ്റ് 6ാം തീയതി മുതൽ തുടർച്ചയായ നാൽപത് ദിവസം സുപ്രീം കോടതി കേസിൽ വാദം കേൾക്കുന്നു. 2019 നവംബർ 9ന് ചരിത്ര വിധി പ്രഖ്യാപിക്കുന്നു

 

Share this story