മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നു; ക്ലൈമാക്‌സിലേക്ക് ഇനി ഒരു ദിവസം കൂടി

മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകം തുടരുന്നു; ക്ലൈമാക്‌സിലേക്ക് ഇനി ഒരു ദിവസം കൂടി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് അന്ത്യം കുറിക്കാൻ ഒരു ദിവസം കൂടി. സർക്കാരുണ്ടാക്കാൻ ശിവസേനക്ക് നൽകിയ സമയം അവസാനിച്ചതിന് പിന്നാലെ എൻ സി പിയെ ഗവർണർ ക്ഷണിച്ചിരുന്നു. മൂന്നാമത്തെ വലിയ കക്ഷി എന്ന നിലയിലാണ് എൻ സി പിക്ക് ഗവർണർ സമയമനുവദിച്ചത്. ഇന്ന് രാത്രി വരെയാണ് എൻ സി പിക്ക് സമയം

അതേസമയം കോൺഗ്രസുമായി ചർച്ച നടത്തുമെന്നും ഇതിന് ശേഷം അന്തിമ തീരുമാനമെടുക്കുമെന്നുമാണ് എൻ സി പി വക്താവ് അറിയിച്ചത്. മഹാരാഷ്ട്രയിൽ സുസ്ഥിര ഭരണത്തിന് എൻ സി പി ശ്രമിക്കും. കോൺഗ്രസിനും ശിവസേനക്കും എൻ സി പിക്കും ഇടയിൽ സമവായം ആയില്ലെങ്കിൽ സംസ്ഥാനം രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങും.

പ്രതിപക്ഷത്തെയും കൂട്ടി സർക്കാരുണ്ടാക്കാനുള്ള ശിവസേനയുടെ നീക്കങ്ങൾ ഇന്നലെ രാത്രിയോടെ അവസാനിക്കുകയായിരുന്നു. കോൺഗ്രസിന്റെയും എൻ സി പിയുടെയും പിന്തുണയുണ്ടെന്നും ഇത് തെളിയിക്കാൻ മൂന്ന് ദിവസത്തെ സാവകാശം വേണമെന്നും ശിവസേന നേതാക്കൾ ഗവർണറെ കണ്ട് പറഞ്ഞുവെങ്കിലും ഗവർണർ അനുവദിച്ചില്ല. തുടർന്ന് എൻ സി പിയെ സർക്കാരുണ്ടാക്കാൻ ഗവർണർ ക്ഷണിക്കുകയും ചെയ്തു. ഇതോടെയാണ് ശിവസേനയുടെ പ്രതീക്ഷകൾ അവസാനിച്ചത്

 

Share this story