കർണാടക വിമതരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു; മത്സരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ നടപടി റദ്ദാക്കി

കർണാടക വിമതരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതി ശരിവെച്ചു; മത്സരിക്കുന്നതിൽ വിലക്കേർപ്പെടുത്തിയ നടപടി റദ്ദാക്കി

കർണാടകയിൽ 17 വിമതരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീം കോടതി ശരിവെച്ചു. ഇവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദാക്കുകയും ചെയ്തു. 17 എംഎൽഎമാരും നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത് ശരിയായില്ലെന്നും കോടതി വിമർശിച്ചു

പ്രതിപക്ഷത്തിനും ഭരണപക്ഷത്തിനും ഭരണഘടനാപരമായ ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കഴിഞ്ഞ ജൂലൈയിലാണ് 17 കോൺഗ്രര്, ജനതാദൾ എംഎൽഎമാർ രാജി നൽകിയത്. ബാഹ്യസമ്മർദത്തെ തുടർന്നായിരുന്നു രാജിയെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർ ഇവരെ അയോഗ്യരാക്കുകയും 2023 വരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുകയുമായിരുന്നു

അയോഗ്യരാക്കപ്പെട്ട എംഎൽഎമാരിൽ 13 പേർ കോൺഗ്രസിൽ നിന്നും നാല് പേർ ജനതാദൾ എസിൽ നിന്നുമുള്ളവരാണ്. രാജിയും അയോഗ്യതയും രണ്ടായി കാണണമെന്ന് കോടതി പറഞ്ഞു.

സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് എംഎൽഎമാർ ആദ്യം സമീപിക്കേണ്ടിയിരുന്നത് ഹൈക്കോടതിയെ ആയിരുന്നുവെന്ന് കോടതി പറഞ്ഞു. ഒരു അംഗത്തെ അയോഗ്യനാക്കണമെങ്കിൽ അന്തിമ തീരുമാനമെടുക്കേണ്ടത് സ്പീക്കറാണ്. ഇക്കാര്യം സ്പീക്കറുടെ വിവേചനാധികാരമാണ്. ഒരംഗം രാജിവെക്കുന്നതും അദ്ദേഹത്തിന്റെ അയോഗ്യതയും തമ്മിൽ ബന്ധമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

Share this story