സഖ്യസാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് ഉദ്ദവ് താക്കറെ; രാഷ്ട്രപതി ഭരണ പ്രശ്‌നമല്ല, സർക്കാർ രൂപീകരണ ശ്രമം തുടരുമെന്ന് എൻ സി പിയും

സഖ്യസാധ്യതകൾ അവസാനിച്ചിട്ടില്ലെന്ന് ഉദ്ദവ് താക്കറെ; രാഷ്ട്രപതി ഭരണ പ്രശ്‌നമല്ല, സർക്കാർ രൂപീകരണ ശ്രമം തുടരുമെന്ന് എൻ സി പിയും

മഹാരാഷ്ട്രയിൽ സഖ്യത്തിനുള്ള സാധ്യതകൾ ഇനിയും ബാക്കിയെന്ന് ശിവസേന അധ്യക്ഷൻ ഉദ്ദവ് താക്കറെ. ഞങ്ങൾക്ക് പൊതുമിനിമം പരിപാടികളെ കുറിച്ച് ആലോചിക്കണം. മുഫ്തിയെയും മോദിയെയും പോലെ, ബിജെപിയും ജെഡിയുവും പോലെ. വ്യത്യസ്ത പ്രത്യയശാസ്ത്രമുള്ള പാർട്ടികൾ ഒരുമിക്കുമെന്നും താക്കറെ പറഞ്ഞു

സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഉദ്ദവ് താക്കറെയുടെ പ്രതികരണം. അതേസമയം കോൺഗ്രസ്-എൻ സി പി നേതാക്കൾ ഇപ്പോഴും ശിവസേനയുമായി ചർച്ചകൾ നടത്തുന്നുണ്ട്. പൊതുമിനിമം പരിപാടിയും ശിവസേനയുമായി അധികാര സ്ഥാനങ്ങളുടെ വീതംവെപ്പും സർക്കാർ രൂപീകരണത്തിന് മുമ്പ് നടക്കും. രണ്ട് പാർട്ടികളും മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ ശിവസേന സമ്മതിച്ചാൽ രണ്ട് പാർട്ടികളും ശിവസേന നയിക്കുന്ന സർക്കാരിന് പിന്തുണ പ്രഖ്യാപിക്കും

ഒരു പൊതുമിനിമം പരിപാടി വേണം. അത് പെട്ടെന്ന് തയ്യാറാക്കുക ബുദ്ധിമുട്ടാണ്. രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചാലും പ്രശ്‌നമല്ല. ഞങ്ങൾക്ക് ഭൂരിപക്ഷം ലഭിച്ചാൽ അത് മാറുമെന്നായിരുന്നു എൻ സി പി നേതാവ് അജിത് പവാറിന്റെ പ്രതികരണം

കോൺഗ്രസുമായി ആദ്യം ശരദ് പവാർ ചർച്ച നടത്തും. ഇതിന് ശേഷം ശിവസേനയുമായും എൻ സി പി ചർച്ച നടത്തും. തുടർന്ന് മൂന്ന് പാർട്ടികളും തമ്മിലുള്ള സമയവായ ചർച്ചയിൽ നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടാൽ ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കുമെന്നും എൻ സി പി നേതാക്കൾ അറിയിച്ചു.

Share this story