മഹരാഷ്ട്രയുടെ അടുത്ത സർക്കാരിനെ ശിവസേന നയിക്കുമെന്ന് സഞ്ജയ് റാവത്ത്

മഹരാഷ്ട്രയുടെ അടുത്ത സർക്കാരിനെ ശിവസേന നയിക്കുമെന്ന് സഞ്ജയ് റാവത്ത്

മഹരാഷ്ട്രയുടെ അടുത്ത സർക്കാരിനെ ശിവസേന നയിക്കുമെന്ന് പാർട്ടി വക്താവ് സഞ്ജയ് റാവത്ത്. സംസ്ഥാന താത്പര്യങ്ങൾക്ക് അനുസരിച്ച് കോൺഗ്രസ്, എൻസിപി എന്നീ പാർട്ടികളുമായി ചേർന്ന് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടി അടുത്ത അഞ്ച് വർഷത്തേക്ക് മാത്രമല്ല 25 വർഷക്കാലം മഹാരാഷ്ട്രയിൽ സർക്കാരിനെ നയിക്കുമെന്നും റാവത്ത് അവകാശപ്പെട്ടു.വെള്ളിയാഴ്ച 58 വയസ്സ് തികഞ്ഞ രാജ്യസഭാ എംപി തന്റെ പാർട്ടി മുഖ്യമന്ത്രി സ്ഥാനം എൻസിപിയുമായും കോൺഗ്രസുമായും പങ്കുവെക്കുമോ എന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തിൽ ശിവസേനയുടെ സാന്നിധ്യം സ്ഥിരമാണെന്നും 50 വർഷമായി സംസ്ഥാന രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന പാർട്ടിയാണ് ശിവസേനയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസും എൻസിപിയുമായും സഖ്യമുണ്ടാക്കുമ്പോൾ സവർക്കർക്ക് ഭാരത രത്‌ന നൽകണമെന്ന ആവശ്യത്തിൽ നിന്ന് പിന്മാറുമോ, മുസ്ലീം സംവരണം എന്ന ആവശ്യം അംഗീകരിക്കുമോ തുടങ്ങിയ ചോദ്യങ്ങളിൽ നിന്ന് റാവത്ത് ഒഴിഞ്ഞുമാറി. അധികാരം പങ്കിടുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും തീരുമാനങ്ങൾ എടുക്കാൻ ഉദ്ദവ് താക്കറെയ്ക്ക് അറിയാമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Share this story