രാഷ്ട്രീയത്തിലെ കൊടും ചതിയെന്ന് കോൺഗ്രസ്; കർഷകർക്ക് വേണ്ടിയെന്ന് എൻ സി പി: മഹാരാഷ്ട്രയിൽ ആര് ആരെയാണ് ചതിച്ചത്

രാഷ്ട്രീയത്തിലെ കൊടും ചതിയെന്ന് കോൺഗ്രസ്; കർഷകർക്ക് വേണ്ടിയെന്ന് എൻ സി പി: മഹാരാഷ്ട്രയിൽ ആര് ആരെയാണ് ചതിച്ചത്

ശിവസേന-കോൺഗ്രസ്-എൻ സി പി ത്രികക്ഷി സർക്കാരിന്റെ പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകുമെന്ന വാർത്തകളാണ് വെള്ളിയാഴ്ച അർധരാത്രി വരെയും മഹാരാഷ്ട്രയിൽ നിന്നുമുണ്ടായത്. എന്നാൽ നേരമൊന്ന് ഇരുട്ടി വെളുത്തപ്പോൾ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എൻ സി പിയുടെ അജിത് പവാർ ഉപമുഖ്യമന്ത്രിയായും. ഇന്നുച്ചയ്ക്ക് സംയുക്ത പ്രസ്താവന നടത്താനിരുന്ന കോൺഗ്രസും ശിവസേനയും ഇതുവരെ ഞെട്ടലിൽ നിന്ന് മുക്തരായിട്ടുമില്ല

ശിവസേനയും ബിജെപിയും തമ്മിലുള്ള സഖ്യം തകർന്നതോടെ കോൺഗ്രസുമായി ചേർന്ന് സർക്കാരുണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചത് ശരദ് പവാറിന്റെ എൻസിപിയായിരുന്നു. ശിവസേനയെയും കോൺഗ്രസിനെയും ഒന്നിപ്പിച്ച് പുതിയ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് വേണ്ടി ഓടി നടന്നതും എൻ സി പിയാണ്. എന്നാൽ അതേ എൻ സി പി തന്നെയാണ് ബിജെപിക്ക് പിന്തുണ നൽകിയിരിക്കുന്നതും അവരുടെ സർക്കാരിൽ ചേർന്ന് സത്യപ്രതിജ്ഞ നടത്തിയിരിക്കുന്നതും

എൻ സി പി പിളർന്നോ എന്നാണ് ഇനിയറിയേണ്ടത്. ശരദ് പവാറിന്റെ മരുമകനാണ് അജിത് പവാർ. അമ്മാവനെ ചതിച്ച് മരുമകൻ പാർട്ടിയെ ബിജെപി പാളയത്തിൽ എത്തിച്ചോ എന്നതുൾപ്പെടെയുള്ള വസ്തുതകൾ വരും മണിക്കൂറുകളിൽ പുറത്തുവരും. അതേസമയം രാഷ്ട്രീയത്തിലെ കൊടും ചതിയെന്നാണ് കോൺഗ്രസിന്റെ ആദ്യ പ്രതികരണം

രാഷ്ട്രീയത്തിലെ വലിയ ചതിയാണ് നടന്നിരിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതികരിച്ചു. സഖ്യസർക്കാർ രൂപീകരണത്തിനായി കോൺഗ്രസിനെ പ്രതിനിധീകരിച്ച് കെ സിയാണ് ചർച്ചയിൽ പങ്കെടുത്തിരുന്നത്. ഇന്ന് സംയുക്ത പ്രസ്താവന നടത്താമെന്ന ധാരണയിലാണ് ഇന്നലെ വൈകുന്നേരം ശരദ് പവാർ പോയതെന്ന് കെ സി വേണുഗോപാൽ പറഞ്ഞു.

അതേസമയം ഇത് കർഷകർക്ക് വേണ്ടിയുള്ള നീക്കം എന്നാണ് അജിത് പവാർ പ്രതികരിച്ചത്. കർഷകർക്ക് അടിയന്തര സഹായം ആവശ്യമുണ്ട്. അതുകൊണ്ടാണ് ഇത്തരമൊരു തീരുമാനമെന്ന് അജിത് പവാർ വിശദീകരിക്കുന്നു

 

Share this story