ബിജെപിയുടെ കുതിരക്കച്ചവടത്തിന് എല്ലാ സംവിധാനങ്ങളും ഒത്തുനിന്നു; രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ 5.47ന്, ഗവര്‍ണര്‍ ഡല്‍ഹിക്ക് പോകാതെ മുംബൈയില്‍ തുടര്‍ന്നതും മുന്‍കൂട്ടി വിവരങ്ങള്‍ അറിഞ്ഞ ശേഷം

ബിജെപിയുടെ കുതിരക്കച്ചവടത്തിന് എല്ലാ സംവിധാനങ്ങളും ഒത്തുനിന്നു; രാഷ്ട്രപതി ഭരണം പിന്‍വലിച്ചത് പുലര്‍ച്ചെ 5.47ന്, ഗവര്‍ണര്‍ ഡല്‍ഹിക്ക് പോകാതെ മുംബൈയില്‍ തുടര്‍ന്നതും മുന്‍കൂട്ടി വിവരങ്ങള്‍ അറിഞ്ഞ ശേഷം

ശനിയാഴ്ച കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി ത്രികക്ഷി സര്‍ക്കാരിന്റെ പ്രഖ്യാപനമുണ്ടാകും എന്നതായിരുന്നു വെള്ളിയാഴ്ച അര്‍ധരാത്രി വരെയുണ്ടായിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ ബിജെപിയുടെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്‍ സി പിയുടെ അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. രാ്ഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്ന മഹാരാഷ്ട്രയില്‍ എല്ലാ സര്‍ക്കാര്‍ ഭരണഘടനാ സംവിധാനങ്ങളും ബിജെപിയുടെ പാതിരാത്രി രാഷ്ട്രീയ നാടകത്തിന് വേണ്ടി കര്‍ട്ടനും ചലിപ്പിച്ചു

ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് വെറും രണ്ട് മണിക്കൂര്‍ മുമ്പാണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന രാഷ്ട്രപതി ഭരണം പിന്‍വലിച്ചത്. ശനിയാഴ്ച പുലര്‍ച്ചെ 5.47നാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല ഉത്തരവിറക്കുന്നത്. ഇതിന് മുമ്പായി മഹാരാഷ്ട്രയില്‍ തിരക്കിട്ട കൂടിക്കാഴ്ചകളും നിഗൂഢ നീക്കങ്ങളും നടക്കുകയായിരുന്നു.

ഡല്‍ഹിയില്‍ നടക്കുന്ന ഗവര്‍ണര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കാതെ മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി മുംബൈയില്‍ തന്നെ തുടരുകയായിരുന്നു. എന്‍സിപി-ശിവസേന-കോണ്‍ഗ്രസ് ത്രികക്ഷി സര്‍ക്കാര്‍ പ്രഖ്യാപനം ഇന്ന് വരുന്നതിനാലാണ് ഗവര്‍ണര്‍ സംസ്ഥാനത്ത് തുടരുന്നതെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാല്‍ രാത്രിയിലെ അന്തര്‍നാടകങ്ങള്‍ കഴിഞ്ഞ് രാവിലെ തന്നെ ബിജെപിയെ കൊണ്ടുള്ള സത്യപ്രതിജ്ഞക്കായാണ് ഗവര്‍ണര്‍ കാത്തിരുന്നത് എന്ന കാര്യം വ്യക്തമായത് പിന്നീടാണ്

ഉദ്ദവ് താക്കറെ മുഖ്യമന്ത്രിയാകുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. ഇതിനായുള്ള ചര്‍ച്ചകളും പൊതുമിനിമം പരിപാടിയുമെല്ലാം കോണ്‍ഗ്രസും ശിവസേനയും എന്‍ സി പിയും തയ്യാറാക്കുകയും ചെയ്തിരുന്നു. എന്നാല്‍ അജിത് പവാര്‍ പാര്‍ട്ടിയെ പിളര്‍ത്തി ബിജെപി പാളയത്തില്‍ കൊണ്ടുപോയി കെട്ടുകയായിരുന്നു. അജിത് പവാറിനെ മോഹിപ്പിച്ചാണോ അതോ ഭീഷണിപ്പെടുത്തിയാണോ ബിജെപി ഒപ്പം നിര്‍ത്തിയിരിക്കുന്നത് എന്ന കാര്യമാണ് ഇനി വ്യക്തമാകാനുള്ളത്

 

Share this story