ജെ എന്‍ യുവില്‍ വൃദ്ധനായ ഗവേഷക അമ്മാവനോ? സത്യമറിയാം

ജെ എന്‍ യുവില്‍ വൃദ്ധനായ ഗവേഷക അമ്മാവനോ? സത്യമറിയാം

ജെ എന്‍ യുവില്‍ ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരായി വിദ്യാര്‍ഥി പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ പല പ്രചാരണങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഹോസ്റ്റല്‍ ഫീസ് നിലവില്‍ പത്ത് രൂപയാണെന്നും അത് വര്‍ധിപ്പിക്കുന്നതിലാണ് വിദ്യാര്‍ഥികള്‍ക്ക് ദണ്ണം എന്ന് തുടങ്ങി പതിറ്റാണ്ടുകളോളം ഗവേഷണം ചെയ്ത് ജെ എന്‍ യുവിനെയും സര്‍ക്കാരിനെയും മുടിപ്പിക്കുന്നവരുണ്ടെന്നും വരെയുള്ള പ്രചാരണങ്ങളാണ് പ്രത്യേകിച്ച് സംഘപരിവാര്‍ സര്‍ക്കിളുകളില്‍ നിന്നുണ്ടാകുന്നത്. അത്തരമൊരു പ്രചാരണത്തിന്റെ മുനയൊടിക്കുന്നതാണ് ഇത്തവണത്തെ ഫാക്ട് ചെക്കിംഗ്.

വയോധികനും യുവ പോലീസുകാരനും ഒന്നിച്ചുള്ള ഫോട്ടോയാണ്, ‘കാണാതെപോയ ഗവേഷക വിദ്യാര്‍ഥിയായ അമ്മാവനെ യുവ പോലീസുകാരന്‍ ജെ എന്‍ യുവില്‍ നിന്ന് കണ്ടെത്തി’യെന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്നത്. ഗവേഷക വിദ്യാര്‍ഥികളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് അമ്മാവനെ കണ്ടെത്തിയതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ‘വയോധികന്‍ തൊപ്പി വെച്ചിട്ടുമുണ്ട്. സൗജന്യ ഭക്ഷണവും താമസവും എവിടെയുണ്ടെന്ന് സൗജന്യം പറ്റുന്നവര്‍ക്ക് അറിയാം’, ‘പി എച്ച് ഡി പൂര്‍ത്തിയാക്കി 70കാരനായ മുഈനുദ്ദീന്‍ ജെ എന്‍ യുവില്‍ നിന്ന് പുറത്തുവരുന്നു’ തുടങ്ങിയ തലക്കെട്ടുകളോട് ഈ പോസ്റ്റ് പ്രചരിച്ചു.

ഇനി സത്യമെന്തെന്ന് അറിയാം. അസമിലെ ഗോല്‍പാര സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുവരുന്ന ഇന്ത്യക്കാരനായ റിഹാത് അലിയുടെയും മകന്‍ ലുഖ്മാന്‍ അലിയുടെയും ഫോട്ടോയാണിത്. ആസാമിലെ വിദേശീ ട്രിബ്യൂണല്‍ ബംഗ്ലാദേശിയെന്ന് വിധിച്ചതോടെയാണ് റിഹാതിന് ജയിലില്‍ പോകേണ്ടി വന്നത്. എന്നാല്‍ പൗരത്വത്തെ സാധൂകരിക്കുന്ന രേഖകള്‍ ഹാജരാക്കിയതോടെ ഇദ്ദേഹം ഇന്ത്യക്കാരനാണെന്ന് തെളിഞ്ഞു. കഴിഞ്ഞ മെയ് 11ന് ഈ ഫോട്ടോ സഹിതമുള്ള വിശദമായ റിപ്പോര്‍ട്ട് ദി ഹിന്ദു പ്രസിദ്ധീകരിച്ചിരുന്നു. ഈ ഫോട്ടോ മോര്‍ഫ് ചെയ്താണ് യുവാവിനെ പോലീസുകാരനും വൃദ്ധനെ പി എച്ച് ഡി വിദ്യാര്‍ഥിയുമാക്കിയത്.

Share this story