മഹാ നാടകം അവസാനിക്കുമ്പോൾ പവർ ശരദ് പവാറിന് തന്നെ; മഹാരാഷ്ട്ര ഇനി ത്രികക്ഷി സഖ്യം ഭരിക്കും

മഹാ നാടകം അവസാനിക്കുമ്പോൾ പവർ ശരദ് പവാറിന് തന്നെ; മഹാരാഷ്ട്ര ഇനി ത്രികക്ഷി സഖ്യം ഭരിക്കും

ദിവസങ്ങൾ നീണ്ട രാഷ്ട്രീയ നാടകങ്ങൾ. ഇതിനിടയിൽ വൻ ട്വിസ്റ്റുകളും. ഏറ്റവുമൊടുവിൽ സുപ്രീം കോടതിയുടെ രംഗപ്രവേശം. അതോടെ നാടകത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ ആരംഭിക്കുകയായി. വിധി വന്നതോടെ തിരശ്ശീലയും വീണു. ഏറെ പണിപ്പെട്ട്, എല്ലാ ഭരണസംവിധാനങ്ങളും ഉപയോഗപ്പെടുത്തിയാണ് അമിത് ഷായും സംഘവും മഹാരാഷ്ട്രയിൽ ദേവേന്ദ്ര ഫഡ്‌നാവിസിനെ കൊണ്ട് ഒന്ന് ഇരുട്ടി വെളുത്തപ്പോൾ സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചത്. സർക്കാരിന് പക്ഷേ വെറും 80 മണിക്കൂർ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളു

ആരുമറിയാതെ, എന്തിന് കേന്ദ്രമന്ത്രിസഭ പോലും ചേരാതെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം പുലർച്ചെ പിൻവലിക്കുകയും രാവിലെ 8 മണിക്ക് ദേവേന്ദ്ര ഫഡ്‌നാവിസിനെ കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കുകയും ചെയ്തപ്പോൾ വിജയ കസേരയിലായിരുന്നു ബിജെപി. എന്നാൽ വിജയാഘോഷം വെന്റിലേറ്ററിലായിരുന്നുവെന്ന് തൊട്ടടുത്ത ദിവസം തന്നെ മനസ്സിലായി. അപ്രതീക്ഷിതമായി ലഭിച്ച പ്രഹരത്തിൽ നിന്നും കോൺഗ്രസ്-എൻ സി പി-ശിവസേന സഖ്യം ഉണർന്നെഴുന്നേറ്റു. പിന്നീട് സമാനതകളില്ലാത്ത രാഷ്ട്രീയ നീക്കങ്ങളാണ് മഹാരാഷ്ട്രയിൽ നടന്നത്.

എൻ സി പിയെ പിളർത്തി അജിത് പവാർ 11 എംഎൽഎമാരുമായാണ് ബിജെപി പാളയത്തിലേക്ക് കയറിച്ചെന്നത്. നിയമസഭാ കക്ഷി നേതാവായ അജിത് പവാറിനൊപ്പം എൻ സി പിയുടെ മറ്റ് എംഎൽഎമാരും നിൽക്കുമെന്ന് ഫഡ്‌നാവിസും ബിജെപി നേതാക്കളും കരുതി. ഇതിനേക്കാൾ ഭയങ്കരമായി ഗവർണറും കരുതി. പക്ഷേ ശരദ് പവാർ തന്റെ നീക്കങ്ങൾ ആരംഭിക്കാൻ പോകുന്നതേയുണ്ടായിരുന്നുള്ളു.

അജിത് പവാറിനെ നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് നീക്കിക്കൊണ്ടായിരുന്നു ആദ്യ അടി നൽകിയത്. പിന്നാലെ അജിത്തിനൊപ്പം പോയ ഓരോരുത്തരെയായി തിരികെ പാളയത്തിൽ എത്തിച്ചു. അനന്തരവനായ അജിത് പവാറിനെ പൂർണമായും തള്ളിപ്പറയാതിരിക്കാൻ ശരദ് പവാർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇതോടൊപ്പം അജിത് പവാറിനെ തിരികെ എൻ സി പി പാളയത്തിലേക്ക് തന്നെ എത്തിക്കാനും ശരദ് പവാർ ശ്രമങ്ങൾ നടത്തി. ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ദിവസം ഉച്ചയോടെ തന്നെ ശരദ് പവാറും ശിവസേന തലവൻ ഉദ്ദവ് താക്കറെയും ഒന്നിച്ച് മാധ്യമങ്ങളെ കണ്ടു. മഹാരാഷ്ട്രയിൽ ത്രികക്ഷി സർക്കാർ തന്നെ നിലവിൽ വരുമെന്ന് അചഞ്ചലമായി പ്രഖ്യാപിച്ചു

ഒപ്പമുള്ളവരെ നയപരമായി സംസാരിച്ച് ഒപ്പം നിർത്താനും മറുകണ്ടം ചാടിയവരിൽ 10 പേരെ തിരികെ എത്തിക്കാനും ആയതോടെ ശരദ് പവാറിന്റെ പവർ പൊളിറ്റിക്‌സ് അജിത് പവാറിനും വ്യക്തമായി. പിന്നാലെ കളി പോയത് സുപ്രീം കോടതിയിലേക്ക്. കർണാടക മാതൃക ആവർത്തിക്കുമെന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടായിരുന്നില്ല. ഞായറാഴ്ച തന്നെ അടിയന്തരമായി ചേർന്ന കോടതി വാദം കേട്ടു. രണ്ട് ദിവസം നീണ്ടു നിന്ന വാദത്തിനൊടുവിൽ ചൊവ്വാഴ്ച 10.30ഓടെ വിധിയും വന്നു. ബിജെപി ബുധനാഴ്ച വൈകുന്നേരം 5 മണിക്കുള്ളിൽ വിശ്വാസ വോട്ടെടുപ്പ് തേടണം എന്നായിരുന്നു വിധി.

ഇന്നലെ ഹയാത്ത് ഹോട്ടലിൽ 162 എംഎൽഎമാരെ മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തി നിർത്തി ശക്തി തെളിയിച്ചതും ശരദ് പവാറിന്റെ നീക്കമായിരുന്നു. ഇതോടെ തന്നെ ബിജെപി പരാജയം മണത്തിരുന്നു. കോടതി വിധി വന്നതോടെ അവർക്ക് തോൽവി സമ്മതിക്കാതെ ഗതിയില്ലെന്നായി. അജിത് പവാർ ആദ്യം ഉപമുഖ്യമന്ത്രി പദം രാജിവെച്ചു. പിന്നാലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി പദവും. ഇനി അറിയേണ്ടത് അജിത് പവാറിനെ എൻ സി പിയിലേക്ക് തിരികെ എത്തിക്കുമോയെന്നാണ്. വരും ദിവസങ്ങളിലും മഹാരാഷ്ട്രയിൽ നാടകം തുടരുമെന്നതിൽ സംശയമില്ല. എന്നാൽ നായകൻ ശരദ് പവാർ തന്നെയായിരിക്കും

 

Share this story