തമിഴ് വംശജകർക്ക് നീതി ഉറപ്പാക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രധാനമന്ത്രി മോദി

തമിഴ് വംശജകർക്ക് നീതി ഉറപ്പാക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റിനോട് പ്രധാനമന്ത്രി മോദി

ശ്രീലങ്കയിലെ തമിഴ് വംശജർക്ക് നീതി ഉറപ്പാക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്‌സെയോട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യൻ സന്ദർശനത്തിനെത്തിയ രജപക്‌സെയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങൾക്ക് നൽകിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ഭീകരവാദത്തെ നേരിടാൻ ശ്രീലങ്കയെ ഇന്ത്യ സഹായിക്കും. ഇതിനായി അഞ്ച് ലക്ഷം ഡോളർ സാമ്പത്തിക സഹായം വായ്പയായി നൽകും. മാത്രമല്ല, ശ്രീലങ്കയുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി 40 കോടി ഡോളറിന്റെ വായ്പ നൽകും. സോളാർ പവർ പ്രൊജക്ടിനായി 10 കോടി ഡോളറിന്റെ വായ്പയും ശ്രീലങ്കക്ക് അനുവദിക്കുമെന്ന് മോദി അറിയിച്ചു.

ശ്രീലങ്കയിലെ തമിഴ് വംശജർക്കായി ഇന്ത്യ ഇതുവരെ 46,000 വീടുകൾ നിർമിച്ചു നൽകിയെന്നും ഇനി 14,000 വീടുകൾ കൂടി നിർമിച്ചു നൽകുമെന്നും പ്രധാനമന്ത്രി അറിയിച്ചു. ഗോതബായ രജപക്‌സെയുടെ സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നും മോദി പറഞ്ഞു

പ്രസിഡന്റായതിന് ശേഷം ആദ്യമായാണ് ഗോതബായ ഇന്ത്യ സന്ദർശിക്കുന്നത്. ശ്രീലങ്കൻ കസ്റ്റഡിയിലുള്ള മുഴുവൻ ഇന്ത്യൻ മത്സ്യബന്ധന തൊഴിലാളികളെയും വിട്ടയക്കുമെന്ന് ഗോതബായ അറിയിച്ചു.

 

Share this story