കേരളത്തിലെ 120 ബിജെപി പ്രവർത്തകരെ ഇടതുപക്ഷം വധിച്ചെന്ന് അമിത് ഷാ; രാജ്യസഭയിൽ ബഹളം, സഭാ രേഖകളിൽ നിന്ന് നീക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ

കേരളത്തിലെ 120 ബിജെപി പ്രവർത്തകരെ ഇടതുപക്ഷം വധിച്ചെന്ന് അമിത് ഷാ; രാജ്യസഭയിൽ ബഹളം, സഭാ രേഖകളിൽ നിന്ന് നീക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ

കേരളത്തിലെ 120 ബിജെപി പ്രവർത്തകരെ ഇടതുപക്ഷം വധിച്ചെന്ന ആരോപണമുന്നയിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയിൽ. എസ് പി ജി സുരക്ഷയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് അമിത് ഷായുടെ ആരോപണം. ഇതേ തുടർന്ന് രാജ്യസഭ ബഹളത്തിൽ മുങ്ങി

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വീട്ടിലുണ്ടായ സുരക്ഷാ വീഴ്ചയും എസ് പി ജി സുരക്ഷാ ഭേദഗതിയെ എതിർത്തും സിപിഎം ഇന്ന് രംഗത്തുവന്നിരുന്നു. ഇതിലൂടെ സർക്കാർ എന്താണ് ലക്ഷ്യം വെക്കുന്നതെന്ന് കെ കെ രാഗേഷ് ചോദിച്ചു. ഇതോടെയാണ് അമിത് ഷാ ആരോപണമുന്നയിച്ച് രംഗത്തുവന്നത്.

രാഷ്ട്രീയ പകപോക്കൽ ആരോപിക്കാൻ ഇടതുപക്ഷത്തിന് അവകാശമില്ലെന്ന് അമിത് ഷാ പറഞ്ഞു. കേരളത്തിൽ ബിജെപിയുടെ 120 പ്രവർത്തകരെ വധിച്ചവരാണ് ഇടതുപക്ഷം. കോൺഗ്രസ് ഭരിക്കുമ്പോഴും ഇടതുപക്ഷം ഭരിക്കുമ്പോഴും കേരളത്തിൽ ബിജെപി പ്രവർത്തകരെ വധിക്കുകയാണെന്ന് അമിത് ഷാ ആരോപിച്ചു.

ഇതോടെ ഇടത് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തുവന്നു. അമിത് ഷായുടെ വാക്കുകൾ സഭാ രേഖയിലുണ്ടാകില്ലെന്ന് ഡെപ്യൂട്ടി സ്പീക്കർ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

Share this story