ബിജെപിയെ അകറ്റി നിർത്തുകയാണ് ലക്ഷ്യം; കർണാടകയിൽ വീണ്ടും ജെഡിഎസുമായുള്ള സഖ്യത്തിന് തയ്യാറായി കോൺഗ്രസ്

ബിജെപിയെ അകറ്റി നിർത്തുകയാണ് ലക്ഷ്യം; കർണാടകയിൽ വീണ്ടും ജെഡിഎസുമായുള്ള സഖ്യത്തിന് തയ്യാറായി കോൺഗ്രസ്

കർണാടകയിൽ ജെ ഡി എസുമായി വീണ്ടും സഖ്യത്തിന് തയ്യാറാണെന്ന് വ്യക്തമാക്കി കോൺഗ്രസ്. ഉപതെരഞ്ഞെടുപ്പിന് ശേഷം സാഹചര്യം അനുകൂലമായാൽ തുടർ ചർച്ചകൾ നടത്തുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞു

രണ്ട് പാർട്ടികൾക്കുമിടയിലുള്ള ചെറിയ സൗന്ദര്യ പിണക്കങ്ങൾ കാര്യമാക്കുന്നില്ല. ബിജെപിയെ അകറ്റി നിർത്തുക മാത്രമാണ് ലക്ഷ്യമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. ഡിസംബർ 5നാണ് കർണാടകയിലെ 15 മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം കർണാടകയിലെ സർക്കാരിന്റെ ഭാവി നിശ്ചയിക്കുന്നതാണ്

15 മണ്ഡലങ്ങളിൽ ആറ് എണ്ണമെങ്കിലും ജയിച്ചാൽ മാത്രമെ യെദ്യുരപ്പ സർക്കാരിന് ഭൂരിപക്ഷമുണ്ടാകുകയുള്ളു. ഇതിന് സാധിച്ചില്ലെങ്കിൽ കർണാടക വീണ്ടും ജെഡിഎസ്-കോൺഗ്രസ് സർക്കാരിലേക്ക് എത്തുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സിദ്ധരാമയ്യ വിഭാഗം ജെഡിഎസുമായുള്ള സഖ്യത്തെ എതിർക്കുന്നതാണ് കോൺഗ്രസിനുള്ളിലെ പ്രശ്‌നം.

അതേസമയം ബിജെപിയെ പുറത്തുനിന്ന് പിന്തുണച്ചേക്കുമെന്നുള്ള സൂചനകൾ നേരത്തെ എച്ച് ഡി കുമാരസ്വാമി നൽകിയിരിരുന്നു. കോൺഗ്രസുമായി സഹകരിക്കാതെ ബിജെപിക്കൊപ്പം നിൽക്കണമെന്ന അഭിപ്രായമുള്ളവരാണ് ജെഡിഎസിലെ കൂടുതൽ നേതാക്കളും

 

Share this story