ചിദംബരത്തിന് ജാമ്യം; 106 ദിവസത്തിന് ശേഷം ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

ചിദംബരത്തിന് ജാമ്യം; 106 ദിവസത്തിന് ശേഷം ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങും

ഐഎൻഎക്‌സ് മീഡിയ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എടുത്ത കേസിലാണ് ജാമ്യം. സിബിഐ എടുത്ത കേസിൽ ചിദംബരത്തിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസിലും ജാമ്യം ലഭിച്ചതോടെ ചിദംബരം ഇന്ന് ജയിൽ മോചിതനാകും

രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആൾ ജാമ്യവും നൽകാൻ കോടതി നിർദേശിച്ചു. കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകാൻ കഴിയില്ല. തെളിവുകൾ നശിപ്പിക്കരുത്. സാക്ഷികളെ സ്വാധീനിക്കരുത്. കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുമായി അഭിമുഖങ്ങൾ നടത്തുകയോ പരസ്യ പ്രസ്താവനകൾ നടത്തുകയോ ചെയ്യരുതെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

നിലവിൽ തീഹാർ ജയിലിലാണ് ചിദംബരം കഴിയുന്നത്. 106 ദിവസത്തെ ജയിൽ വാസത്തിന് ശേഷമാണ് ചിദംബരം മോചിതനാകുന്നത്. ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 22ന് സുപ്രീം കോടതി ജാമ്യം നൽകിയെങ്കിലും എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്നതിനെ തുടർന്ന് പുറത്തിറങ്ങാൻ സാധിച്ചിരുന്നില്ല

 

Share this story