ഉന്നാവോയിൽ ലൈംഗികാക്രമണ ശ്രമം നടന്നുവെന്ന പരാതിയുമായി ചെന്ന യുവതിയോട് പീഡനം നടന്ന ശേഷം വരാൻ പോലീസിന്റെ മറുപടി

ഉന്നാവോയിൽ ലൈംഗികാക്രമണ ശ്രമം നടന്നുവെന്ന പരാതിയുമായി ചെന്ന യുവതിയോട് പീഡനം നടന്ന ശേഷം വരാൻ പോലീസിന്റെ മറുപടി

ഉന്നാവോയിൽ ബലാത്സംഗത്തിന് ഇരയായ യുവതിയെ പ്രതികൾ തീ കൊളുത്തി കൊന്ന സംഭവത്തിൽ പ്രതിഷേധം അലയടിക്കുമ്പോൾ തന്നെ ഞെട്ടിക്കുന്ന വിവരം കൂടി പുറത്ത്. തനിക്ക് നേരെ ലൈംഗികാക്രമണ ശ്രമം നടന്നുവെന്ന പരാതിയുമായി ഉന്നാവോയിലെ പോലീസ് സ്‌റ്റേഷനിലേക്ക് ചെന്ന യുവതിയോട് പീഡനശേഷം വന്ന് പരാതി നൽകു എന്ന മറുപടി നൽകി പോലീസ് മടക്കി.

ഉന്നാവോ പെൺകുട്ടിയെ പ്രതികൾ തീ കൊളുത്തിയ അതേ ഹിന്ദുപൂർ ഗ്രാമത്തിൽ നിന്നുള്ള യുവതിയാണ് പോലീസിൽ പരാതിയുമായി എത്തിയത്. ഗ്രാമത്തിലുള്ള മൂന്ന് പേർ ചേർന്ന് തന്നെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്.

മരുന്ന് വാങ്ങാനായി പുറത്തിറങ്ങിയ യുവതിയെ മൂന്ന് പേർ തടഞ്ഞുനിർത്തുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തു. കഴിഞ്ഞ മൂന്ന് മാസമായി പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനിൽ കയറിയിറങ്ങുകയാണ്. ദിവസവും ഈ മൂന്ന് പ്രതികളും യുവതിയുടെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Share this story