പൗരത്വ ബില്ലിനെ പിന്തുണച്ച ശിവസേനക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

പൗരത്വ ബില്ലിനെ പിന്തുണച്ച ശിവസേനക്കെതിരെ വിമർശനവുമായി രാഹുൽ ഗാന്ധി

പൗരത്വ ഭേഗദതി ബില്ലിനെ പിന്തുണച്ച് ലോക്‌സഭയിൽ വോട്ട് ചെയ്ത ശിവസേനക്കെതിരെ പരോക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. പൗരത്വഭേദഗതി ബിൽ രാജ്യത്തിന്റെ അടിത്തറ തകർക്കും. ഇന്ത്യൻ ഭരണഘടനക്കെതിരായ ആക്രമണമാണിത്. ഈ ആക്രമണത്തെ ആര് പിന്തുണച്ചാലും നമ്മുടെ രാഷ്ട്രത്തിന്റെ അടിത്തറ തകർക്കാനുള്ള ശ്രമമാണെന്ന് രാഹുൽ ട്വീറ്റ് ചെയ്തു.

രാഷ്ട്ര താത്പര്യം മുൻനിർത്തിയാണ് ബില്ലിനെ പിന്തുണക്കുന്നതെന്നായിരുന്നു ശിവസേന പറഞ്ഞിരുന്നത്. ബിൽ ലോക്‌സഭയിൽ പാസായത് ശിവസേനയുടെ ഉൾപ്പെടെ പിന്തുണ നേടിയതാണ്. മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ സഖ്യകക്ഷിയാണ് ശിവസേന.

തങ്ങളുടെ മുഖപത്രമായ സാമ്‌നയിൽ ബില്ലിനെതിരായ നിലപാടാണ് ശിവസേന സ്വീകരിച്ചത്. എന്നാൽ ലോക്‌സഭയിൽ അവർ പിന്തുണക്കുകയും ചെയ്തു. ബിൽ ഇന്ത്യയിൽ ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കുമിടയിൽ അദ്യശ്യ വിഭജനത്തിന് ഇടയാക്കുമെന്നായിരുന്നു സാമ്‌നയിലൂടെ ശിവസേന പറഞ്ഞത്.

Share this story