പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമായി മാറും

പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി; രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ നിയമമായി മാറും

മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിൽ പൗരത്വ ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ടു ചെയ്തപ്പോൾ എതിർത്ത് 105 പേർ വോട്ട് ചെയ്തു. ഇതോടെ പാർലമെന്റിന്റെ ഇരുസഭകളിലും ബിൽ പാസായി. നേരത്തെ ലോക്‌സഭയും ബിൽ പാസാക്കിയിരുന്നു. ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പൗരത്വ ഭേദഗതി നിയമമായി മാറും

അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനമത വിഭാഗങ്ങളിൽപ്പെട്ട അഭയാർഥികൾക്ക് പുതിയ നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിക്കും. ഏതെങ്കിലും പ്രത്യേക മതസ്ഥരോട് സർക്കാർ അസഹിഷ്ണുത കാണിക്കുന്നില്ലെന്ന് അമിത് ഷാ അവകാശപ്പെട്ടു

ബംഗ്ലാദേശ്, പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നിവ ഇസ്ലാമിക രാഷ്ട്രങ്ങളായതിനാലും അവിടെയുള്ള ന്യൂനപക്ഷങ്ങൾ കടുത്ത മനുഷ്യാവകാശ ധ്വംസനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തിലാണ് ബിൽ കൊണ്ടുവന്നതെന്ന് അമിത് ഷാ ചർച്ചക്കിടെ പറഞ്ഞു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യവും രാജ്യസഭ വോട്ടിനിട്ട് തള്ളിയിരുന്നു.

ലോക്‌സഭയിൽ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്ത ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. കേരളത്തിൽ നിന്നുള്ള എംപിമാരായ കെ കെ രാഗേഷ്, എളമരം കരീം, അബ്ദുൽ വഹാബ്, ബിനോയ് വിശ്വം, സോമപ്രസാദ് തുടങ്ങിയവർ ഭേദഗതി നിർദേശം നൽകിയെങ്കിലും ഇതെല്ലാം വോട്ടിനിട്ട് തള്ളുകയായിരുന്നു

 

Share this story