നിങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കില്ലെന്ന് അസം ജനതയോട് മോദി; പ്രക്ഷോഭം അതിരൂക്ഷം

നിങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കില്ലെന്ന് അസം ജനതയോട് മോദി; പ്രക്ഷോഭം അതിരൂക്ഷം

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം അസമില്‍ വ്യാപകമാകുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അസമിലെ ജനങ്ങളുടെ അവകാശങ്ങളും സംസ്‌കാരവും തട്ടിയെടുക്കില്ലെന്ന് മോദി ട്വീറ്റ് ചെയ്തു. ബില്‍ പാസാക്കിയതുകൊണ്ട് അസമിലെ സഹോദരങ്ങള്‍ വിഷമിക്കേണ്ടതില്ലെന്ന് ഉറപ്പു പറയുന്നതായും മോദി പറഞ്ഞു

നിങ്ങളുടെ അവകാശങ്ങളും മനോഹരമായ സംസ്‌കാരവും ആര്‍ക്കും തട്ടിയെടുക്കാനാകില്ല. അതു കൂടുതല്‍ തഴച്ചുവളരും. അസം ജനതയുടെ രാഷ്ട്രീയം, ഭാഷ, സംസ്‌കാരം, ഭൂമി അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനാപരമായി കേന്ദ്രസര്‍ക്കാരും ഞാനും പ്രതിജ്ഞാബദ്ധരാണെന്നും മോദി ട്വീറ്റില്‍ പറയുന്നു

അതേസമയം പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം അസമില്‍ വ്യാപകമാകുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയില്‍ അനിശ്ചിതകാലത്തേക്ക് കര്‍ഫ്യു പ്രഖ്യാപിച്ചു. വിവിധയിടങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. പത്ത് ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തലാക്കി.

അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്രമന്ത്രിയുടെ വീടിനും രണ്ട് ബിജെപി നേതാക്കളുടെ വീടുകളും പ്രക്ഷോഭകര്‍ തീയിട്ടു നശിപ്പിച്ചു. ആയിരക്കണക്കിന് പ്രക്ഷോഭകര്‍ ഇപ്പോഴും തെരുവിലാണ്. പലയിടത്തും പ്രക്ഷോഭകരും പോലീസും തമ്മില്‍ രൂക്ഷ ഏറ്റുമുട്ടല്‍ നടന്നു

ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയുടെ ദുബ്രുഗഡിലെ വീടിന് നേരെ കല്ലേറുണ്ടായത്. കേന്ദ്രമന്ത്രി രാമേശ്വര്‍ തെളി, ബിജെപി എംഎല്‍എ പ്രശാന്ത ഫുകന്‍, ബിജെപി നേതാവ് സുഭാഷ് ദത്ത എന്നിവരുടെ വീടുകളാണ് അഗ്‌നിക്കിരയാക്കിയത്.

 

Share this story