നിർഭയ കേസ് പ്രതികളെ ഞാൻ തൂക്കിക്കൊല്ലാം; ആവശ്യവുമായി രാജ്യാന്തര ഷൂട്ടിംഗ് താരം

നിർഭയ കേസ് പ്രതികളെ ഞാൻ തൂക്കിക്കൊല്ലാം; ആവശ്യവുമായി രാജ്യാന്തര ഷൂട്ടിംഗ് താരം

നിർഭയ കേസ് പ്രതികളെ തനിക്ക് തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് രാജ്യാന്തര ഷൂട്ടിംഗ് താരം വർധിക സിംഗ്. ഡൽഹിയിൽ ഈയാവശ്യം ഉന്നയിച്ചുകൊണ്ടുള്ള ബാനറും ഉയർത്തി വർധിക നിൽക്കുന്ന ചിത്രം മാധ്യമങ്ങളും സമൂഹ മാധ്യമങ്ങളിലും വന്നിരുന്നു.

നിർഭയ കേസ് പ്രതികളെ എനിക്ക് തൂക്കിക്കൊല്ലണം. ഒരു സ്ത്രീക്കും വധശിക്ഷ നടപ്പാക്കാൻ സാധിക്കുമെന്ന സന്ദേശം രാജ്യമാകെ നൽകാൻ ഇതുകൊണ്ടു സാധിക്കും. വനിതാ എംപിമാരും തന്റെ ആവശ്യത്തെ പിന്തുണക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമൂഹത്തിൽ മാറ്റം കൊണ്ടുവരാനാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്നും വർധിക പറയുന്നു

പ്രതികളുടെ വധശിക്ഷ ഡിസംബർ 18ന് മുമ്പ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ മാതാപിതാക്കൾ അടുത്തിടെ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. എന്നാൽ ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചിരിക്കുകയാണ്. അപേക്ഷയിൽ വാദം കേൾക്കുന്നത് ഡിസംബർ 18ലേക്കാണ് മാറ്റിയിരിക്കുന്നത്.

വധശിക്ഷക്കെതിരെ പ്രതി അക്ഷയ് താക്കൂർ നൽകിയ പുന:പരിശോധനാ ഹർജിക്ക് ശേഷമാകും ഈ ഹർജി പരിഗണിക്കുക. പ്രതികളുടെ വധശിക്ഷ അധികം വൈകാതെ നടപ്പാകുമെന്നാണ് കരുതുന്നത്. ഇവരുടെ ദയാഹർജി നേരത്തെ രാഷ്ട്രപതി തള്ളിയിരുന്നു

 

Share this story